‘ചികിത്സ മൗലികാവകാശം’; ആരോഗ്യ ഇൻഷുറൻസ് പരിധി അഞ്ചിരട്ടിയാക്കി വർധിപ്പിച്ച് വിജയ്

ചെന്നൈ: ആരോഗ്യ ഇൻഷുറൻസ് പരിധി വർധിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയാണ് അഞ്ച് ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി വർധിപ്പിച്ചിരിക്കുന്നത്. അഞ്ചിരട്ടിയുടെ വർധനയാണ് ഇൻഷുറൻസിൽ വരുത്തിയിരിക്കുന്നത്. ചികിത്സ ഒരു മൗലികവകാശമായി കാണണമെന്ന് അഭിപ്രായപ്പെട്ടാണ് വിജയ് ഇൻഷുറൻസ് ഉയർത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
വരുമാനം, പ്രദേശം എന്നിങ്ങനെയുള്ള വേർതിരിവുകളില്ലാത്തെ എല്ലാവർക്കും മികച്ച ആരോഗ്യസംവിധാനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വിജയ് പ്രഖ്യാപിച്ചു. ഇൻഷുറൻസ് കവറേജ് ഉയർത്തിയതിനൊപ്പം ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നും വിജയ് പറഞ്ഞു. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനൊപ്പം എംഎൽഎമാർക്ക് വാഹനവും പ്രത്യേക അലവൻസും നൽകുന്ന കാര്യവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളെ നേരിട്ട് വിലയിരുത്താൻ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനൊപ്പം സർക്കാർ ജീവനക്കാരായ സ്ത്രീകൾക്ക് മൂന്നാമത്തെ പ്രസവത്തിനും 12 ആഴ്ച പ്രസവാവധി നൽകുമെന്നും വിജയ് പറഞ്ഞു.




