Uncategorized

ഉള്ളേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിലും സ്കൂട്ടറിലും ഇടിച്ച് അപകടം; എട്ടു വയസ്സുകാരിയടക്കം നാല് പേർക്ക് പരിക്ക്.

കോഴിക്കോട്:ഉള്ളേരി-കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിലെ കന്നൂർ ടൗണിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വൻ അപകടം. നിയന്ത്രണം വിട്ട കാർ മതിലിലും തുടർന്ന് സ്കൂ‌ട്ടറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ എട്ടു വയസ്സുകാരിയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

കാർ യാത്രക്കാരായ വൈഷ്‌ണവ് (28), ആദർശ് (22), നിധിൻ (29), സ്കൂട്ടർ യാത്രക്കാരിയായ അനിക (8) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ കന്നൂർ ടൗണിൽ വെച്ച് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ മതിലിൽ ഇടിച്ച ശേഷം കാർ നേരെ എതിർദിശയിൽ (ഉള്ളേരി ഭാഗത്തേക്ക്) വരികയായിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ അല്പം സമയം ഗതാഗത തടസ്സമുണ്ടായി. സംഭവമറിഞ്ഞ് അത്തോളി പോലീസ് സ്ഥലത്തെത്തുകയും മേൽനടപടികൾ സ്വീകരിച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button