നീണ്ട പോരാട്ടത്തിന് ഇറാൻ; കമാൻഡർമാർക്ക് ശക്തമായ നിർദേശം, പഴയ നിരയെ മുൻനിരയിലിറക്കി മുജ്തബ ഖമേനി

.
ടെഹ്റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ശക്തമായി തുടരുന്നതിനിടെ, ഇറാൻ സൈനിക-സുരക്ഷാ സംവിധാനത്തിൽ വലിയ അഴിച്ചുപണി നടത്തിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ബസിജ് സുരക്ഷാ സേന, ആംഡ് ഫോഴ്സസ് ജനറൽ സ്റ്റാഫ് എന്നിവയിൽ ആറ് മുതിർന്ന കമാൻഡർമാരെയാണ് പരമോന്നത നേതാവ് മുജ്തബ ഖമേനി നിയമിച്ചത്. ദീർഘകാലം നീണ്ടുനിൽക്കാനിടയുള്ള വലിയൊരു സൈനിക ഏറ്റുമുട്ടലിന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
കൊല്ലപ്പെട്ട പിതാവ് ആയത്തുള്ള അലി ഖമേനിക്ക് പകരം മാർച്ചിൽ അധികാരമേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ്, യുദ്ധകാല ഭരണകൂടത്തിന് ചുറ്റും സ്വന്തമായൊരു സുരക്ഷാവലയം തീർക്കുകയാണ്. “നയതന്ത്രം ഇപ്പോഴും ഈ തന്ത്രത്തിന്റെ ഭാഗമാണ്, എന്നാൽ യുദ്ധം പൂർണ്ണമായി അവസാനിച്ചു എന്ന് ടെഹ്റാൻ വിശ്വസിക്കാത്തതിനാലും, പോരാട്ടം തുടരുമെന്ന പ്രതീക്ഷയുള്ളതിനാലുമാണ് ഈ നിയമനങ്ങൾ,” എന്നാണ് യുഎസ് ആസ്ഥാനമായുള്ള ‘സെന്റർ ഫോർ ഇന്റർനാഷണൽ പോളിസി’യിലെ സീനിയർ ഫെലോ സിന തൂസി പറയുന്നത്.
ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് പക്പൂറിന് പകരം, ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയെ മേജർ ജനറൽ പദവിയോടെ IRGC കമാൻഡർ ഇൻ ചീഫായി ഔദ്യോഗികമായി നിയമിച്ചു. ഒപ്പം, മുസ്തഫ ഇസാദിയെ ഡെപ്യൂട്ടിയായും നിയമിച്ചിട്ടുണ്ട്. സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫായി മേജർ ജനറൽ അലി അബ്ദുള്ളാഹിയും, ബസിജ് സുരക്ഷാ സേനയുടെ തലവനായി ഹുസൈൻ താബും ചുമതലയേറ്റു




