Uncategorized

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിനു ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിനു ശേഷം വിചാരണ നടപടികൾക്ക് തുടക്കമാകുന്നു. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കേസിന്റെ വിചാരണ ആരംഭിക്കും. ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെ കോടതി വിസ്‌തരിക്കും. മുൻ എംഎൽഎമാരായ വി.ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതികൾ.

2015 മാർച്ച് 13നായിരുന്നു കേസിനാസ്‌പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്നതിനിടെ സഭയ്ക്കുള്ളിൽ അക്രമം അഴിച്ചുവിടുകയും 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു‌വെന്നാണ് പൊതുമുതൽ നശീകരണ നിയമപ്രകാരം പൊലീസ് കേസ്. സ്പീക്കറുടെ വേദിയിൽ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്.

കേസ് പിൻവലിക്കാൻ എൽഡിഎഫ് ഭരണത്തിലിരുന്നപ്പോൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ അനുവദിച്ചില്ല. തുടർന്ന് 2021 ജൂലൈയിൽ സുപ്രീം കോടതിയും കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപ്പീൽ തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തുടരന്വേഷണം പൂർത്തിയാക്കി 81 ദിവസത്തിനകം റിപ്പോർട്ട് നൽകിയെങ്കിലും പുതിയ വിവരങ്ങളില്ലാത്തതിനാൽ മുൻപ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാകും വിചാരണ നടപടികൾ തുടരുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button