അസോസിയേഷൻ നേതാവിന്‍റെ ഹോട്ടലിൽ 50 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളിൽ മിന്നൽ പരിശോധന; മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം കണ്ടെത്തി

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന. ദിവസങ്ങൾ പഴക്കമുള്ള ഭക്ഷണ വിഭവങ്ങൾ ആണ് പിടിച്ചെടുത്തത്. പഴകിയ മീൻ ഉൾപ്പെടെയുള്ളയും പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ സംഘടന നേതാവിന്‍റെ ഹോട്ടലിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് അടൂർ നഗരസഭ ആരോഗ്യ വിഭാഗം അടൂരിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്. അടൂർ ബൈപ്പാസിലെ വിവിധ ഹോട്ടലുകളിലായിരുന്നു ആയിരുന്നു പരിശോധന.
അടൂർ എസ്എൻ ഹോട്ടൽ, രാജധാനി, ഡിങ്കന്‍റെ തട്ടുകട, അമ്മച്ചിക്കട, ഓലപ്പന്തൽ, സൺ റൈസ്, പഴങ്കഞ്ഞികട, അൽ റാസി, ബിഗ് മൗത്ത് തുടങ്ങിയ ഹോട്ടലുകളിലും ഹോളിക്രോസ് ഹോസ്പിറ്റൽ കാന്‍റീനിലുമായിരുന്നു പരിശോധന. പരിശോധനയിൽ ഭൂരിഭാഗം ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്‍റ് അസോസിയേഷൻ സംഘടന നേതാവിന്‍റെ ഹോട്ടലിൽ നിന്ന് 50 കിലോ പഴകിയ മീനാണ് പിടികൂടിയത്.
ഇതിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്താനും ചില ഹോട്ടലുകാർ ശ്രമിച്ചതായി പരാതിയുണ്ട്. ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസലിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കവിത, അമൽ, ഷഹന, മിനി, ആഷ്ന, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ യോഹന്നാൻ, അനീഷ്, മാത്യുസ്, മാത്തുക്കുട്ടി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു



