‘സർക്കാരോ പാർട്ടിയോ യാത്രാ ചെലവ് വഹിക്കുന്നില്ല’; മുഖ്യമന്ത്രിയുടെ വിമാനയാത്ര എന്തിന് വിവാദമാക്കുന്നു’

കല്‍പ്പറ്റ: മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. എല്ലാ സംസ്ഥാനത്തും മുഖ്യമന്ത്രിമാര്‍ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമാനയാത്ര എന്തിനാണ് വിവാദമാക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു.
സര്‍ക്കാരോ പാര്‍ട്ടിയോ യാത്രാ ചെലവ് വഹിക്കുന്നില്ല. ആവശ്യസമയത്ത് മുഖ്യമന്ത്രിക്ക് സൗകര്യം ഒരുക്കിയാല്‍ പോലും പരാതി ഉയരുന്ന സാഹചര്യമാണെന്നും ശശി തരൂര്‍ പറഞ്ഞു. വിവാദം അന്യായമാണ്. ഇല്ലാത്ത പണം ചെലവാക്കരുതെന്ന ചിന്ത മുഖ്യമന്ത്രിക്കുണ്ടായിരിക്കാം. യാത്ര സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് തന്നെ ചോദിക്കണം. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21-ാം തീയതിയായിരുന്നു വി ഡി സതീശന്റെ വിവാദ മലപ്പുറം ഫ്‌ളൈറ്റ് യാത്ര. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മുഖ്യമന്ത്രി യാത്ര നടത്തിയത്. ചാര്‍ട്ടേഡ് ഫ്ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്പോണ്‍സര്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു.
ഇതിന് പിന്നാലെ വിശദീകരണവുമായി വി ഡി സതീശന്‍ തന്നെ രംഗത്തുവന്നിരുന്നു. വിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരനാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പേര് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേപ്പറ്റി പലഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും സ്‌പോണ്‍സര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.



