Uncategorized

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അന്തരിച്ചു

കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. സിപിഐഎം അം​ഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തിൽ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കേരളത്തിലെ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വളർച്ചയിൽ നേതൃപരമായി നിരവധി സംഭാവനകൾ എം പി പരമേശ്വരൻ നൽകിയിട്ടുണ്ട്. ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം എന്നിവയെക്കുറിച്ചുള്ള പൊതുചർച്ചകൾ ശക്തമാക്കാനും ശാസ്ത്രീയ മനോഭാവം വളർത്താനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായിച്ചിച്ചുണ്ട്. മാർക്സിസ്റ്റ് ആശയങ്ങളെയും ശാസ്ത്രീയ ചിന്തയെയും സാമൂഹിക വികസനത്തെയും അഭിസംബോധന ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും കേരളത്തിലെ പുരോഗമന ബൗദ്ധിക രംഗത്ത് നിരവധിയായ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.

പരിസ്ഥിതി വിഷയങ്ങളിലും അദ്ദേഹത്തിൻ്റെ പഠനങ്ങൾ ശ്രദ്ധേയമായിരുന്നു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങൾ കേരളം ​ഗൗരവത്തിൽ ചർച്ച ചെയ്തിരുന്നു. ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച് വരുന്ന സമയത്താണ് ജോലി രാജിവെച്ച് 1975ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനായി മാറുകയായിരുന്നു. പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം പി പരമേശ്വരൻ പിന്നീട് നിർണ്ണായക പങ്കുവഹിച്ചു. തുടക്കത്തിൽ ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പിന്നീട് ശാസ്ത്രത്തെ ജനകീയമാക്കാനും ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കാനും ലോകത്ത് തന്നെ ഉണ്ടായ ഏറ്റവും വിപുലമായ ജനകീയ മുന്നേറ്റങ്ങളിലൊന്നായി മാറിയതിൽ എം പി പരമേശ്വരൻ്റെ കൈയ്യൊപ്പും പതിഞ്ഞിട്ടുണ്ട്.

മാർക്സിസത്തെ സ്വന്തം രീതിയിൽ വ്യാഖ്യാനിച്ച സൈദ്ധാന്തികൻ എന്ന നിലയിലും എം പി പരമേശ്വരന് പ്രാധാന്യമുണ്ട്. മാർക്സിസത്തെ പുതിയ കാലത്ത് അദ്ദേഹം തന്റേതായ രീതിയിൽ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിൻ്റെയും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് ബ്ലോക്കിൻ്റെയും തകർച്ചയ്ക്ക് പിന്നാലെയാണ് ജനാധിപത്യത്തിൽ ഊന്നിയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകളിൽ ഊന്നിയുള്ള സൈദ്ധാന്തിക ചർച്ചകൾക്ക് എം പി പരമേശ്വരൻ തുടക്കം കുറിച്ചത്.അതിൽ നിന്നാണ് പിന്നീട് വിവാദമായ ‘നാലാം ലോകം’ എന്ന ആശയം രൂപപ്പെടുന്നത്. നാലാം ലോക വിവാദത്തോടെ എം പി പരമേശ്വരൻ സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. ‘ഉലയാത്ത സ്വപ്നങ്ങൾ’ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ആത്മകഥ ഈ സൈദ്ധാന്തികവും സംഘടനാപരവും വ്യക്തിപരവുമായ മാറ്റങ്ങളെ എം പി പരമേശ്വരൻ മനോഹരമായി രേഖപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാനപരമായി ഒരു മാർക്സിസ്റ്റായ താൻ ഉയർത്തുന്ന വിഷയങ്ങളെ ഇടതുപക്ഷം വേണ്ടത്ര മനസ്സിലാക്കിയില്ലെന്നതിലുള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button