Uncategorized

കാലവർഷക്കെടുതിയിൽ വിറങ്ങലിച്ച് ആലപ്പുഴ; നൂറ് കോടിയിലധികം രൂപയുടെ നഷ്ടം

ഓരോ രാത്രി കഴിഞ്ഞു നേരം പുലരുമ്പോഴും പാടശേഖരങ്ങൾ വെള്ളത്തിനടിയിലാകുന്നത് ആലപ്പുഴ ജില്ലയിലെ കർഷകരുടെ നെഞ്ചിൽ തീ കോരിയിടുകയാണ്. കാലവർഷക്കെടുതിയിൽ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പ്രാഥമിക കണക്കുകൾ പ്രകാരം 100 കോടിയിലധികം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ഇതിൽ 13 കോടിയിലധികം രൂപയുടെ നഷ്ടം കാർഷിക മേഖലയിലാണ് സംഭവിച്ചിരിക്കുന്നത്. പ്രത്യേകിച്ച് കുട്ടനാട്ടിലെ നെൽകൃഷിയെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്.

ശക്തമായ മഴതുടരുന്ന സാഹ​ചര്യത്തിൽ നൂറുകണക്കിന് ഏക്കർ കൃഷി ഇനിയും ഭീഷണിയിലാണ്. തോട്ടപ്പള്ളി സ്പിൽവേയിലെ മണ്ണ് നീക്കം ചെയ്യുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് കർഷകർ ആരോപിക്കുന്നത്. 2019-ന് ശേഷം മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതിനാൽ വെള്ളപ്പൊക്കം രൂക്ഷമാകുകയാണ്. നിലവിൽ 200 ഏക്കറോളം വരുന്ന പാടശേഖരത്ത് 22 ദിവസം പ്രായമായ നെൽച്ചെടികൾ പൂർണമായും മുങ്ങി. കുട്ടനാട്ടിൽ നിന്ന് വെള്ളം കൃത്യമായി കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കർഷകരെ വലിയ ദുരിതത്തിലാക്കുന്നത്.

2019-ലെ വെള്ളപ്പൊക്ക സമയത്ത് വെള്ളം വേഗത്തിൽ ഇറങ്ങിപ്പോയിരുന്നു എങ്കിൽ, ആ സാഹചര്യം നിലവിലില്ല. തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളിയും കൃത്യസമയത്ത് തുറന്നിരുന്നെങ്കിൽ ഇത്രയും വലിയ കൃഷിനാശം ഒഴിവാക്കാമായിരുന്നുവെന്നും കർഷകർ പറയുന്നു. പമ്പിങ് നടത്തി വെള്ളം കളയാൻ ശ്രമിച്ചാൽ അത് പരിസരവാസികളുടെ വീടുകളിൽ വെള്ളം കയറാൻ കാരണമാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി കുട്ടനാട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button