Uncategorized

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവന്‍റെ സ്വർണമാല പൊട്ടിച്ചെടുത്തു; പ്രതി പിടിയിൽ

.
ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന പ്രതി പൊലീസ് പിടിയിൽ. ഇടുക്കി ചക്കുപള്ളം പയ്യാനിക്കൽ മനു കുഞ്ഞുമോൻ ആണ് അറസ്റ്റിലായത്. മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ മാലയാണ് മോഷ്ടിച്ചത്. വ്യാഴാഴ്ച പകൽ വീടിനു സമീപമെത്തിയ മനു മേരിക്കുട്ടിയോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി മേരിക്കുട്ടി അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ മനു പുറകിൽ നിന്നും അഞ്ചരപ്പവൻ തൂക്കമുള്ള മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. സംഭവമരിഞ്ഞ് പൊലീസും നാട്ടുകാരും ചേർന്ന് പരിസര പ്രദേശങ്ങളിൽ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ആരെയും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയകരമായ രീതിയിൽ ഒരാൾ പറമ്പിലൂടെ നടന്നുപോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിൻറെ ചുവടുപിടിച്ചായിരുന്നു അന്വേഷണം.

ദിവസങ്ങൾക്കു മുമ്പ് മനു മേരിക്കുട്ടിയുടെ വീട്ടിൽ ജോലിക്കായി എത്തിയിരുന്നു. മേരിക്കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മോഷണത്തിന് ശേഷം രക്ഷപ്പെട്ടയാളുടെ ചെരുപ്പിൻറെ അടയാളവും പരിശോധിച്ചു. ഇതോടെയാണ് മോഷണത്തിന് പിന്നിൽ മനുവാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് മനുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചക്കുപള്ളം മേഖലയിൽ നേരത്തെ ഏലക്ക മോഷണം നടത്തിയ കേസിലും പണം മോഷ്ടിച്ച കേസിലും മനു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. മോഷണം പോയ സ്വർണമാല കണ്ടെടുക്കാനായിട്ടില്ല. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button