പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; നിലപാട് കടുപ്പിച്ച് കേന്ദ്രം, മെറ്റ ആഗോള നേതൃസംഘവുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റയുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്ര സർക്കാർ. പബ്ലിക് പോളിസി തലവന്‍ ഉള്‍പ്പെടെ മെറ്റയുടെ ആഗോള നേതൃസംഘവുമായാണ് കേന്ദ്ര സർക്കാർ നാളെയും മറ്റന്നാളും കൂടിക്കാഴ്ച നടത്തുക. എഐ നിർമിത പോസ്റ്റുകള്‍, അക്കൗണ്ടുകളുടെ നിയന്ത്രണം, മെറ്റയുടെ സുരക്ഷാ സംവിധാനങ്ങളുടെ ഫലപ്രാപ്തി തുടങ്ങിയ കാര്യങ്ങളടക്കം ചർച്ചയാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവത്തില്‍, മെറ്റ മേധാവി മാർക്ക് സക്കർബർഗ് നേരിട്ടെത്തി ക്ഷമാപണം നടത്തണമെന്ന് പാർലമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഐടി സ്ഥിരം സമിതി അധ്യക്ഷന്‍ നിഷികാന്ത് ദുബെ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് അടുത്ത നടപടി.
മെറ്റ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്തതിലെ വീഴ്ചകൾ, പ്രമുഖരുടെ അക്കൗണ്ടുകൾ അകാരണമായോ, തെറ്റായോ തടയൽ ഉള്‍പ്പെടെ നിരവധി ഗുരുതര വിഷയങ്ങളിൽ മെറ്റയെ കേന്ദ്രം ആശങ്ക അറിയിക്കും. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ മെറ്റയുടെ ആഗോള നേതൃസംഘം ഇന്ത്യ സന്ദർശിക്കുമ്പോൾ ഈ വിഷയങ്ങളിൽ കേന്ദ്രം ആശങ്കയറിയിച്ച്, മറുപടി തേടുമെന്നാണ് ഐടി സെക്രട്ടറി എസ്. കൃഷ്ണൻ അറിയിച്ചിരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകളുള്ള പ്രമുഖരുടെ ഉള്ളടക്കം നീക്കേണ്ടി വരുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.




