കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കുണ്ടറയിലാണ് സംഭവം. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി
സിയാദാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.
മരണത്തിനു പിന്നാലെ കുണ്ടറ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിയാദിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് സിയാദിനെ മർദ്ദിച്ചതായാണ് കുടുംബം ആരോപിച്ചത്. പൊലീസ് മർദ്ദനത്തിൽ സിയാദിന്റെ വാരിയെല്ല് പൊട്ടിയതായാണ് കുടുംബം പറയുന്നത്.
13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയൽവാസിയായ സിയാദിനെ കസ്റ്റഡിയിൽ എടുത്തത്.
ജൂൺ 16 ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് സിയാദിനെ പിടിച്ചുകൊണ്ടുപോകുന്നത്.
കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് കുടുംബത്തിൻ്റെ ആരോപണം. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ നിന്നിരുന്നു. സിയാദിന്റെ വാരിയെല്ലിന് പരുക്കുള്ളതായി ഡോക്ടർമാർ പറഞ്ഞതായി ഭാര്യ വ്യക്തമാക്കി.




