Uncategorized

ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; ഫിൽട്ടറില്ലാതെ സംസാരിച്ച ജെൻസിയിൽ അഭിമാനിക്കുന്നു: ജ്യോതിക

ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി ജ്യോതിക. താൻ വിദ്യാർഥികൾക്കൊപ്പമാണെന്നും ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണമെന്നും ജ്യോതിക ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

‘ഞാൻ ഉത്തരവാദിത്തത്തിനൊപ്പമാണ്. ജനാധിപത്യ ഇന്ത്യക്കൊപ്പമാണ്. പരിഷ്കൃത വിദ്യാഭ്യാസത്തിനൊപ്പമാണ്,’ എന്നും പോസ്റ്റിൽ പറയുന്നു.

കോക്രോച്ച് ജനത പാർട്ടിയുടെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് നിരാഹാര സമരമിരുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്, സിജെപി സ്ഥാപകൻ അഭിജീത് ദ്വീപ്കെ, സിജെപി വക്താവ് സൗരവ് ദാസ് എന്നിവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ജ്യോതികയുടെ പോസ്റ്റ്.

അമ്മമാരെന്ന നിലയിൽ തങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളർത്തണമെന്ന് ആഗ്രഹിക്കുന്നു. ഫിൽട്ടറില്ലാതെ സംസാരിച്ച ജെൻസിയിൽ അഭിമാനിക്കുന്നുവെന്നും സമ്മർദത്തെ തകർത്തത്തിനും തങ്ങളെ നിർഭയരാക്കിയതിനും നന്ദിയുണ്ടെന്നും ജ്യോതിക കൂട്ടിച്ചേർത്തു.

നിലവിൽ നിരവധി സിനിമാതാരങ്ങളാണ് ഡൽഹിയിലെ വിദ്യാർഥി സമരത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്. പലരും ജന്തർ മന്തറിൽ നേരിട്ടെത്തി വിദ്യാർഥികൾക്ക് പിന്തുണ അറിയിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ജ്യോതികയും വിദ്യാർഥികൾക്ക് പിന്തുണ അറിയിച്ചിരുക്കുന്നത്.

അതേസമയം നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ തമിഴ്നാട്ടിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി തമിഴ്‌നാട് സർക്കാരും സംസ്ഥാനത്തെ ജനങ്ങളും നീറ്റിനെതിരെ രംഗത്തുണ്ട്.

നീറ്റ് പൂർണമായും ഒഴിവാക്കണമെന്നും വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഡൽഹിയിലെ വിദ്യാർഥി സമരത്തിൽ വിജയ് ഉൾപ്പെടെയുള്ള ടിവികെ നേതാക്കൾ പങ്കെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button