Uncategorized

ഓട്ടോ ടാക്സി തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച്; തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. മിനിമം നിരക്ക് വർധനവ് ആവശ്യപ്പെട്ടു കൊണ്ട് ഓട്ടോ ടാക്സി തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസുകൾ നിർത്തിയിടുന്ന അവസ്ഥയാണെന്നും തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സർക്കാരിൻ്റെ ചില പരിഷ്കാരങ്ങളുടെ ഫലമാണിതെന്നും താത്കാലിക അടിസ്ഥാനത്തിലും, കരാർ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരെ പിരിച്ചു വിടുന്നെന്നും അദ്ദേഹം പറഞ്ഞു.

ഒരു മുന്നറിയിപ്പുമില്ലാതെ തൊഴിലാളികൾ സമരത്തിന് വരാൻ നിർബന്ധിതരായി. ട്രേഡ് യൂണിയനുകൾ ഇല്ലാത്ത കേന്ദ്രങ്ങളിലും പോലും തൊഴിലാളികൾ സമരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യ യാത്ര അനുവദിക്കുമ്പോൾ കെഎസ്ആർടിസി നിലനിൽക്കുന്നതിന് ആവശ്യമായ പണം സംസ്ഥാന സർക്കാർ നൽകാത്ത അവസ്ഥയാണിപ്പോൾ എന്നും അദ്ദേഹം പറഞ്ഞു. അത് മൂലം കെഎസ്ആർടിസി തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. സൗജന്യ യാത്ര നൽകുമ്പോൾ കെഎസ്ആർടിസി തകരാതെ നിലനിർത്തേണ്ട ഉത്തരവാദിത്വം ഗവൺമെൻ്റിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് തൊഴിലാളി വിരുദ്ധ നിലപാടുകളാണെന്നും അത് ഇവിടെ നടപ്പിലാക്കുമ്പോൾ അതിന് ഇരയാകുന്നത് സാധാരണക്കാരായ തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിൻ്റെ മാർഗം ഉപേക്ഷിക്കണമെങ്കിൽ സർക്കാർ അത്തരത്തിൽ നിലപാട് സ്വീകരിക്കണമെന്നും കേരളത്തിലെ തെരുവുകൾ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും അദ്ദേ​ഹം പറഞ്ഞു. അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button