Uncategorized

പാലാ നഗരസഭയിൽ ട്വിസ്റ്റ്‌ തുടരുന്നു; ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ കോൺഗ്രസ്‌ കൗൺസിലർമാർ എത്തുമോ, നിർണായക മണിക്കൂറുകൾ

കോട്ടയം: പാലാ നഗരസഭയിൽ ട്വിസ്റ്റ്‌ തുടരുന്നു. ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ കോൺഗ്രസ്‌ കൗൺസിലർമാർ എത്തുമോ എന്നതാണ് നിർണായകം. നിലവിലെ വൈസ് ചെയർപേഴ്സൺ മായ രാഹുൽ ഇന്ന് എത്തിയേക്കും. മായ സ്വാതന്ത്ര അംഗമാണ്. 26 കൗൺസിലർമാരുള്ള നഗരസഭയിൽ മായ കൂടി വന്നാൽ പ്രതിപക്ഷത്ത് 13 പേരാകും. കോൺഗ്രസിലെ ആരെങ്കിലും പങ്കെടുത്താൽ അവിശ്വാസം പാസാകും. അവിശ്വാസ ചർച്ചയിൽ പങ്കെടുക്കരുതെന്ന് അറിയിച്ചു കോൺഗ്രസ്‌ കൗൺസിർമാർക്ക് ഡിസിസി പ്രസിഡന്റ്‌ വിപ് നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്, കെഡിപി പാർട്ടികളും അവരുടെ കൗൺസിലർമാർക്ക് വിപ് നൽകിയിട്ടുണ്ട്.

26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ നിലവിൽ എൽഡിഎഫിന് 12 അംഗങ്ങളാണുള്ളത്. 14 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ പ്രതിപക്ഷത്തിന് ഭരണം അട്ടിമറിക്കാനാവും. ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം നടത്താനില്ലെന്നാണ് ആറോളം കോൺഗ്രസ് കൌൺസിലർമാരുടെ നിലപാട്. ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങളുടെ എതിർപ്പ് ഉയർന്നതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.

വിപ്പ് ലംഘിച്ച് ദിയക്കെതിരെ വോട്ട് ചെയ്യാനാണ് ചില അംഗങ്ങളുടെ തീരുമാനമെന്നാണ് വിവരം. ഇതിൽ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നും വിപ്പ് ലംഘിച്ചാൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരാണ് ഭരണപക്ഷത്തുള്ളത്. ഇതിൽ കോൺഗ്രസ് ആണ് സ്വതന്ത്ര കൂട്ടായ്മക്കുള്ള പിന്തുണ പിൻവലിച്ചുവെന്ന് ആദ്യം പ്രഖ്യാപിച്ചത്. കോൺഗ്രസ് അംഗങ്ങൾ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാൽ ഭരണ അട്ടിമറിയുണ്ടാകും.

recommended by

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button