എണ്ണ വീണ്ടും 100ലേക്ക്; ഇന്ത്യയിൽ ആശങ്ക

വാഷിങ്ടൺ: രാജ്യാന്തര വിപണിയിൽ എണ്ണവില വീണ്ടും 100 ഡോളറിലേക്ക് അടക്കുന്നു. 96 ഡോളറിലാണ് ബ്രെന്റ് ക്രൂഡോയിലിൻ്റെ വ്യാപാരം പുരോഗമിക്കുന്നത്.
1.76 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം.
ഡബ്യുടിഐ ക്രൂഡ് 1.41 ശതമാനം നേട്ടത്തിലാണ് വ്യപാരം പുരോഗമിക്കുന്നത്. 88 ഡോളറാണ് ഡബ്യുടിഐ ക്രൂഡിന്റെ വില.
യുഎസ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ തുടർച്ചയായി 12-ാം രാത്രിയും ആക്രമണം നടത്തിയതും ഒപ്പം ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ ചെങ്കടലിലെ എണ്ണ കപ്പലുകൾക്കെതിരെ ഭീഷണി ശക്തമാക്കിയതും എണ്ണവില കുതിക്കാൻ കാരണമായി. യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്‌താവന പ്രകാരം ബുധനാഴ്ച വൈകീട്ട് യുഎസ് ഇറാനെതിരെ പുതിയ ആക്രമണ പരമ്പര ആരംഭിച്ചു. വാണിജ്യ കപ്പലുകൾക്കും യാത്രക്കാർക്കും ഇറാൻ ഉയർത്തുന്ന ഭീഷണി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് പ്രസ്‌താവിച്ചു.
ഹോർമുസിലെത്തിയ രണ്ട് കപ്പലുകൾ തിരിച്ചുപോയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചു.തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾക്ക് കടന്നുപോകാൻ കഴിയില്ലെന്നും ഇറാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
ഹൂതികൾ സൗദി എണ്ണ കപ്പലുകൾക്കെതിരെ ആക്രമണം ശക്തമാക്കി. രണ്ട് സൗദി ടാങ്കറുകളെ ലക്ഷ്യമിട്ടതായി അവകാശപ്പെട്ടു. ഇറാനിയൻ സർക്കാർ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഒൻപതിലധികം കപ്പലുകൾ ബാബ് എൽ-മൻഡെബിൽ നിന്ന് തിരിച്ചുപോകാൻ ഹൂതികൾ നിർബന്ധിതരാക്കിയെന്ന് അവകാശപ്പെടുന്നു
അതേസമയം, ഇന്ത്യയിലും എണ്ണവില വർധന വലിയ ചലനങ്ങൾ സൃഷ്‌ടിക്കും. ഇറാൻ യുദ്ധം കാരണം 75,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ അവകാശപ്പെടുന്നത്. ഇക്കാര്യം കേന്ദ്രസർക്കാറിനെ അറിയിക്കുകയും ചെയ്തു. സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഇതിന് നഷ്ടപരിഹാരം നൽകാതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് എണ്ണക്കമ്പനികൾ അറിയിച്ചത്. വില വീണ്ടും ഉയരുന്നതിനിടെയായിരുന്നു എണ്ണകമ്പനികളുടെ അവകാശവാദം. ഇനിയും എണ്ണവില ഉയർന്നാൽ അത് പെട്രോൾ-ഡീസൽ വില വർധനവിന് ഇടയാക്കിയേക്കും.




