Uncategorized

മെഷീൻ കേടായിട്ട് ഒരു മാസം; കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയതായി പരാതി

കോഴിക്കോട്: യന്ത്രത്തകരാറിനെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വേങ്ങര സ്വദേശി. പരാതി നൽകൂ, എന്നിട്ടെങ്കിലും പ്രശ്നം പരിഹരിക്കട്ടെ എന്ന് ഡോക്ടർമാർ നിർദേശിച്ചതായും രോഗിയുടെ ഭർത്താവ് മീഡിയവണിനോട് പറഞ്ഞു.

ഏതാനും ദിവസങ്ങളായി മലപ്പുറം വേങ്ങര സ്വദേശിയായിട്ടുള്ള 37-കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ ഹൃദയ വാൽവ് ചുരുങ്ങുന്ന അസുഖമാണ്, അതുമായി ബന്ധപ്പെട്ടാണ് അവർ കഴിഞ്ഞ ദിവസവും പരിശോധനയ്ക്ക് എത്തിയത്. അവിടെ സ്‌കാനിങ്ങിൽ അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെല്ലാം വ്യക്തമായി. ഇതേത്തുടർന്നാണ് ഡോക്ടർ അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണ് എന്ന് നിർദേശിച്ചതും നടപടികളിലേക്ക് കടന്നതും.പക്ഷേ കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ ശസ്ത്രക്രിയ നടത്താൻ കഴിയില്ല, അതിനുള്ള സാഹചര്യമില്ല എന്നാണ് അവർ അറിയിച്ചത്. യന്ത്രത്തെ തകരാറാണ് കാരണം. തിരുവനന്തപുരത്ത് പോയി നടത്തണം എന്നുള്ള നിർദേശമാണ് നൽകിയത്. എന്നാൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഒരു കുടുംബമാണ്, അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് പോയി നിന്ന് ചികിത്സയുമായി മുന്നോട്ട് പോകാൻ വലിയ ബുദ്ധിമുട്ടാണ്.

കാര്യങ്ങൾ ഡോക്ടർമാരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത്, മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകാനാണ്. അങ്ങനെ നൽകിയാലെങ്കിലും ഈ വിഷയം പരിഹരിക്കപ്പെടട്ടെ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഒരു മാസത്തോളമായി ഇതേ അവസ്ഥയാണ് ഇവിടെയുള്ളത് എന്ന വിവരവും ലഭ്യമാകുന്നുണ്ട്.കാർഡിയാക് തൊറാസിക് സർജറിയാണ് ഇവർക്ക് നിർദേശിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട മെഷീൻ്റെ തകരാറാണ് രോഗികളെ വലയ്ക്കുന്നത്. ഇത് ഒരാളുടെ മാത്രം വിഷയമല്ല. ഇവർ പരാതിയുമായി ചെന്നപ്പോൾ നിരവധി പേർ ഇത്തരം പരാതി എഴുതി നൽകിയിട്ടുണ്ട്, എന്നാൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. മലബാറിലെ ഏറ്റവും വലിയ മെഡിക്കൽ കോളജായ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

അതിനാൽ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം എന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button