വിദ്യ ബാലകൃഷ്ണൻ എംഎൽഎക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: വിദ്യ ബാലകൃഷ്ണൻ എംഎൽഎക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്‌ത് തട്ടിപ്പിന് ശ്രമിച്ച രണ്ടുപേർ പിടിയിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബർ സംഘമാണ് പ്രതികളെ പിടികൂടിയത്.
വ്യാജ ഫോൺകോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തിയിരുന്നു. കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. മൊബൈൽ ഫോൺ അന്വേഷണ സംഘം കൂടുതൽ പരിശോധിക്കും. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു വ്യാജകോൾ എത്തിയിരുന്നത്.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് വാട്‌സ്ആപ്പ് കോൾ എത്തിയത്. ഏകദേശം 10 മിനിറ്റ് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാൻ നടത്തുന്ന നീക്കങ്ങളാണ് വിളിച്ചയാൾ വിശദീകരിച്ചിരുന്നത്.
പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ ഡൽഹിയിൽ എത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. സിം ഉടമയുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സിം കാർഡ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.




