ഒരേയൊരു കുഞ്ഞൂഞ്ഞ്; ഉമ്മൻ ചാണ്ടി ഇല്ലാതെ മൂന്നാണ്ട്

കോട്ടയം: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻചാണ്ടി ഓർമയായിട്ട് ഇന്ന് മൂന്നു വർഷം കഴിയുന്നു. ഓർമദിനമായ ഇന്ന് പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും അദ്ദേഹത്തിൻ്റെ കല്ലറയിൽ പ്രത്യേക ധൂപപ്രാർഥനയും നടക്കും.
ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുന്നിൽ ആദരമർപ്പിക്കാൻ സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ പുതുപ്പള്ളിയിൽ എത്തും. ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച മനുഷ്യൻ. കേരള രാഷ്ട്രീയം ഉമ്മൻചാണ്ടിക്ക് നൽകിയ വിശേഷണം അതായിരുന്നു. അവസാന യാത്രയിൽ തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ആ ജനനായകന് കേരളം നൽകിയ യാത്രയയപ്പ്, ചരിത്രത്തിൽ അടയാളപ്പെട്ടതാണ്.രണ്ടു തവണ കേരളത്തിൻ്റെ മുഖ്യമന്ത്രിയും, മൂന്നുതവണ മന്ത്രിയും, ഒരു തവണ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം. 1970-ൽ തൻ്റെ 27-ാം വയസിലാണ് ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. പിന്നീടങ്ങോട്ട് തുടർച്ചയായി 12 തവണ 53 വർഷo കേരളാ നിയമസഭയിൽ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി.
ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയിലെ മണ്ണിനോടും ജനങ്ങളോടുമുണ്ടായിരുന്ന വൈകാരിക ബന്ധം മായാതെ നിൽകുന്നതാണ്. അദ്ദേഹത്തിൻ്റെ കല്ലറയിൽ ഓർമപ്പൂക്കൾ എത്താത്ത ഒരു ദിനം പോലും കടന്നു പോകുന്നില്ല. മരണം, ഉമ്മൻ ചാണ്ടിയുടെ ഭൗതിക സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കിയത്. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്, ജനഹൃദയങ്ങളിൽ നേടിയെടുത്ത ഇടം വിലമതിക്കാനാകാത്തതാണ്.




