ജർമനിയിൽ 4.32 കോടിയുടെ ഗവേഷണ ഫെലോഷിപ്പുമായി ഇരിട്ടി സ്വദേശി

ഇരിട്ടി: ജര്‍മനിയിലെ പ്രശസ്തമായ ബവേറിയന്‍ സെന്റര്‍ ഫോര്‍ ബാറ്ററി ടെക്‌നോളജി, ബെയ്റോയ്ത് സര്‍വകലാശാലയില്‍ പിഎച്ച്ഡി ഗവേഷണത്തിന് ഉളിക്കൽ നെല്ലിക്കാംപൊയിൽ വിദ്യാര്‍ഥിയായ അജയ് ബെന്നിക്ക് ജര്‍മന്‍ സര്‍ക്കാരിന്റെ 4.32 കോടി രൂപയുടെ ഗവേഷണ ധനസഹായമുള്ള ഫുള്ളി ഫണ്ട്ഡ് ഫെലോഷിപ്പിന് അര്‍ഹത ലഭിച്ചു. ഇതേതുടര്‍ന്ന് അജയ് ജര്‍മനിയില്‍ എത്തി ഗവേഷണം ആരംഭിച്ചു.
ജര്‍മന്‍ ഫെഡറല്‍ മിനിസ്ട്രി ഫോര്‍ റിസര്‍ച്ച്, ടെക്‌നോളജി ആന്‍ഡ് സ്‌പേസ് മൂന്ന് വര്‍ഷത്തേക്കായി അനുവദിച്ച ഏകദേശം 4.32 കോടി രൂപ (3,93,500 യൂറോ) ഗവേഷണ ധനസഹായമുള്ള ‘അള്‍ട്രാതിന്‍ ഫ്‌ളോ’ പദ്ധതിയുടെ ഭാഗമായാണ് അജയ് ഡോക്ടറല്‍ ഗവേഷണം നടത്തുന്നത്. ബെയ്റോയ്ത് സര്‍വകലാശാലയിലെ ഇലക്ട്രോകെമിക്കല്‍ പ്രോസസ് എഞ്ചിനീയറിങ് വിഭാഗത്തില്‍ പ്രൊഫ. ഡോ. ഇങ് ക്രിസ്റ്റീന റോത്തിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം.
വലിയ തോതിലുള്ള പുനരുപയോഗ ഊര്‍ജ്ജ സംഭരണത്തിനായി ഉയര്‍ന്ന പവര്‍ ഡെന്‍സിറ്റിയും കുറഞ്ഞ മെറ്റീരിയല്‍ ഉപയോഗവുമുള്ള പുതിയ തലമുറ അള്‍ട്രാ – തിന്‍ റെഡോക്‌സ് ഫ്‌ലോ ബാറ്ററികള്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഡ്വാന്‍സ്ഡ് കാര്‍ബണ്‍ ഇലക്ട്രോഡ് വികസനം, അത്യാധുനിക മെറ്റീരിയല്‍ ക്യാരക്ടറൈസേഷന്‍, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബാറ്ററിക്കുള്ളിലെ ഇലക്ട്രോലൈറ്റ് പ്രവാഹം തത്സമയം നിരീക്ഷിക്കുന്ന ‘ഓപെറാന്‍ഡോ സിന്‍ക്രോട്രോണ്‍ എക്‌സ്-റേ റേഡിയോഗ്രാഫി’ സാങ്കേതികവിദ്യ എന്നിവയിലൂന്നിയാണ് അജയിന്റെ ഗവേഷണം. ഭാവിയിലെ കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ ഊര്‍ജ സംഭരണ സാങ്കേതികവിദ്യകളുടെ വികസനത്തിന് ഈ ഗവേഷണം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് തിരുപ്പതിയില്‍ നിന്നാണ് അജയ് മാസ്റ്റേഴ്‌സ് ബിരുദം നേടിയത്. ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാറില്‍ നിന്നു ഹയര്‍ സെക്കന്‍ഡറി പഠനവും ഉളിക്കല്‍ ഫ്‌ളവററ്റ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, ഇരിട്ടി ബെന്‍ഹില്‍ ഇംഗ്ലീഷ് സ്‌കൂള്‍, മക്കിയാട് ഹോളിഫേസ് ഇംഗ്ലിഷ് സ്‌കൂള്‍ പഠനവും മികവോടെ പൂര്‍ത്തിയാക്കിയാണ് ഐസറില്‍ ചേര്‍ന്നത്. പ്ലസ് ടുവും എസ്എസ്എല്‍സിയും ഫുള്‍ എപ്ലസോടെയാണ് വിജയിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനിലുള്ള പ്രശസ്തമായ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍, ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ പ്രൊഫ. മൈക്കല്‍ ഗ്രേറ്റ്‌സലിന്റെ മേല്‍നോട്ടത്തില്‍ റെഡോക്‌സ് ഫ്‌ളോ ബാറ്ററികളെ ആസ്പദമാക്കി മാസ്റ്റേഴ്‌സ് ഗവേഷണ പ്രബന്ധം പൂര്‍ത്തിയാക്കിയിരുന്നു. ആ ഗവേഷണാനുഭവത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ജര്‍മനിയിലെ ഈ അന്താരാഷ്ട്ര ഗവേഷണ പദ്ധതിയില്‍ അജയ് പങ്കാളിയായിരിക്കുന്നത്.
ഇരിട്ടി നെല്ലിക്കാംപൊയില്‍ സ്വദേശിയും മുന്‍ ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മരങ്ങാട്ടുമ്യാലില്‍ ബെന്നി തോമസിന്റെയും ഷീബ ബെന്നിയുടെയും മകനാണ്. സഹോദരങ്ങള്‍: അജിത് ബെന്നി(ന്യൂസിലന്‍ഡ്), അശ്വതി ബെന്നി (എന്‍ജിനീയര്‍, വിപ്രോ, ബെംഗളൂരു). അജയ് ബെന്നിക്ക് ഒരേസമയം നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള മേരിക്യൂറി സ്‌കോളര്‍ഷിപ്പും പിഎച്ച്ഡി പഠനത്തിനു ലഭിച്ചെങ്കിലും ജര്‍മനി തിരഞ്ഞെടുക്കുകയായിരുന്നു.



