Uncategorized

ചിക്കൻകറി കൂടുതൽ കഴിച്ചെന്ന് പറഞ്ഞ് വഴക്ക്, സ്ത്രീധനവും ജാതിയും പറഞ്ഞ് അധിക്ഷേപം’: മരിച്ച കാവ്യയുടെ കുടുംബം

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. വിവാഹം കഴിഞ്ഞ സമയം മുതല്‍ ജാതി പറഞ്ഞും സ്ത്രീധനം നല്‍കിയില്ലെന്ന് പറഞ്ഞും മകള്‍ക്ക് സ്വസ്ഥത കൊടുത്തിട്ടില്ല എന്നാണ് മരിച്ച കാവ്യയുടെ അമ്മ ആരോപിക്കുന്നത്. കാവ്യയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ അമ്മയാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും മരുമകന്‍ അമ്മ പറയുന്നത് മാത്രമാണ് കേട്ടിരുന്നതെന്നും കാവ്യയുടെ കുടുംബം ആരോപിച്ചു. ചിക്കന്‍ കറി കൂടുതല്‍ കഴിച്ചു എന്ന പേരിലാണ് കഴിഞ്ഞ ദിവസം വഴക്കുണ്ടായതെന്നും കുളിമുറിയില്‍ കയറി ഇക്കാര്യം ഫോണിലൂടെ തന്നെ വിളിച്ച് അറിയിച്ച ശേഷമാണ് കാവ്യ ആത്മഹത്യ ചെയ്തതെന്നും അവര്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അവരുടെ പ്രതികരണം.

‘വിവാഹം കഴിഞ്ഞ സമയം മുതല്‍ വീട്ടില്‍ വഴക്കാണ്. ജാതി പറഞ്ഞും സ്ത്രീധനം നല്‍കിയില്ല എന്ന് പറഞ്ഞും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. മകള്‍ ഒരിക്കലും സ്വസ്ഥത അനുഭവിച്ചിട്ടില്ല. രണ്ടുമാസം മുന്‍പാണ് കാവ്യ അവസാനം വീട്ടില്‍ വന്നത്. പല ദിവസങ്ങളിലും പട്ടിണിക്ക് ഇടും. ആഹാരം ഉണ്ടാക്കാനും സമ്മതിക്കില്ല. കാവ്യയുടെ ഭര്‍തൃമാതാവാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. വിഷ്ണു അമ്മ പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. കഴിഞ്ഞ ദിവസവും വീട്ടില്‍ വഴക്കുണ്ടായി. അവള്‍ ചിക്കന്‍ കറി കൂടുതല്‍ കഴിച്ചു എന്നപേരിലായിരുന്നു വഴക്ക്. കുളിമുറിയില്‍ കയറി നിന്ന് മകള്‍ ഇക്കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്നാലെയാണ് ജീവനൊടുക്കിയത്’, കാവ്യയുടെ അമ്മ പറഞ്ഞു.

കാവ്യയും ഭര്‍ത്താവും മക്കളുമൊത്ത് കുറച്ചുനാളുകള്‍ക്ക് മുന്‍പ് നാടുവിട്ട് പോയിരുന്നുവെന്ന് കാവ്യയുടെ സഹോദരന്‍ ശ്യാം പറയുന്നു. വിഷ്ണുവിന്റെ അമ്മയുടെ പീഡനം കൊണ്ടാണ് നാടുവിട്ട് പോയതെന്നും വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്‌നങ്ങളാണെന്നും ശ്യാം പറഞ്ഞു. ‘കുട്ടികളെയും ഭര്‍ത്താവിനെയും കരുതിയാണ് കാവ്യ അവിടെ നിന്നത്. വിഷ്ണുവിന്റെ അമ്മയാണ് എല്ലാത്തിനും കാരണം. അവര്‍ ജാതി അധിക്ഷേപം നടത്തി. വിഷ്ണു നായര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. ഞങ്ങള്‍ എസ്‌സി വിഭാഗമാണ് എന്ന് പറഞ്ഞ് എപ്പോഴും അധിക്ഷേപിച്ചിരുന്നു. കാവ്യ ജനലില്‍ തൂങ്ങി എന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ടരയോടെയാണ് വീട്ടിലേക്ക് വിളി വരുന്നത്. അവളെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. അവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. പക്ഷെ മരണ കാരണം വിഷ്ണുവിന്റെ അമ്മയുടെ പീഡനമാണ്’: ശ്യാം പറഞ്ഞുഇന്നലെ വൈകുന്നേരമാണ് ശ്രീകാര്യം സ്വദേശി കാവ്യ(30)യെ ഭര്‍ത്താവ് വിഷ്ണുവിന്റെ വിളവൂര്‍ക്കല്‍ തെങ്ങത്താങ്കോട് ഉളള വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ജനാലയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ടുവര്‍ഷം മുന്‍പാണ് കാവ്യയും ഭര്‍ത്താവും വിവാഹിതരായത്. സാമ്പത്തിക ബാധ്യത മൂലം നേരത്തെ മക്കളുമൊത്ത് നാടുവിട്ട കാവ്യയെയും ഭര്‍ത്താവിനെയും പൊലീസ് കണ്ടെത്തി തിരികെ കൊണ്ടുവരികയായിരുന്നു. സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button