Uncategorized

ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തതില്‍ ഇടപെട്ട് കൊല്‍ക്കത്ത പൊലീസ്; റിപ്പോർട്ട് തേടി

കൊൽക്കത്ത: ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തതില്‍ ഇടപെട്ട് കൊല്‍ക്കത്ത പൊലീസ്. സംഭവത്തില്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്‍ക്കത്ത സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി ധ്രുപജ്യോതിയാണ് റിപ്പോര്‍ട്ട് തേടിയത്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആശയക്കുഴപ്പം കാരണമാകാം പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ വൈകുന്നതെന്നാണ് പൊലീസ് പറയുന്നത്. വിവരങ്ങള്‍ അന്വേഷിച്ച് ഒരിക്കല്‍ കൂടി പരിശോധന നടത്തുമെന്നും വിവരങ്ങള്‍ കൃത്യമെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പുതിയ പൊലീസ് റിപ്പോര്‍ട്ട് നല്‍കുമെന്നും കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി.

എസ് ഐ ആർ പരിഷ്കരണത്തിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേര് നഷ്ടമായതിന് പിന്നാലെയാണ് ആര്‍ രാജഗോപാലിന് പാസ്പോർട്ട് പുതുക്കി ലഭിക്കാതിരുന്നത്. പാസ്പോർട്ട് പുതുക്കി നൽകാത്തത് മൂലം മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായില്ലെന്നും ആര്‍ രാജഗോപാൽ പ്രതികരിച്ചിരുന്നു. നിരവധി തവണ പാസ്പോർട്ടിനായി സമീപിച്ചെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നാണ് പരാതി.പാസ്പോര്‍ട്ട് പുതുക്കണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകണം എന്നത് പുതിയ അറിവായിരുന്നുവെന്ന് രാജഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നറിയില്ല. പൗരന്റെ അവകാശത്തെ നിഷേധിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. പൗരന്‍ എന്ന് തെളിയിക്കാന്‍ കൈവശം ഒന്നുമില്ല. തന്റെ അവകാശം നഷ്ടപ്പെട്ടുവെന്നും രാജഗോപാല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് എസ്ഐആറില്‍ നിന്ന് പേര് വെട്ടിയത്. അധികൃതര്‍ ഇക്കാര്യം തന്നെ അറിയിക്കുകയായിരുന്നു. അതിന് മുന്‍പ് ഫെബ്രുവരി 27ന് പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ വേരിഫിക്കേഷനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. വോട്ടര്‍ ഐഡി ആവശ്യമുണ്ട് എന്ന് പറഞ്ഞു. ഈ സമയം എസ്ഐആറില്‍ നിന്ന് പേര് വെട്ടിയ കാര്യം താന്‍ സൂചിപ്പിച്ചു. ഇതോടെ മറ്റ് രേഖകള്‍ ഹാജരാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അച്ഛന്റെ മരണ സര്‍ട്ടഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് അടക്കം നല്‍കാന്‍ പറഞ്ഞു. ഇതിന്റെയെല്ലാം കോപ്പി നല്‍കിയ ശേഷം അവിടെ നിന്ന് ഇറങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് കൊല്‍ക്കത്ത പൊലീസിന്റെ കീഴിലുള്ള സെക്യൂരിറ്റി കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ നിന്ന് വിളിപ്പിച്ചതായി രാജഗോപാല്‍ പറഞ്ഞു.പേര് എസ്ഐആറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ പൊലീസ് വേരിഫിക്കേഷന് സാധ്യമല്ല എന്നാണ് അവര്‍ അറിയിച്ചത്. പേര് റീ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുമെന്നും പറഞ്ഞു. പേര് റീ സ്റ്റോര്‍ ചെയ്യാന്‍ അപ്പീല്‍ നല്‍കിയ കാര്യം താന്‍ സൂചിപ്പിച്ചിരുന്നുവെന്നും രാജഗോപാല്‍ വ്യക്തമാക്കി. 27 ലക്ഷത്തോളം പേരാണ് ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. എപ്പോള്‍ പരിഗണിക്കും എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010ലാണ് കൊല്‍ക്കത്തയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. വോട്ടും ചെയ്തിട്ടുണ്ട്. മാപ്പിങ്ങിന്റെ പേരില്‍ പേര് വെട്ടിയതായാണ് മനസിലാക്കുന്നത്. നടപടി വ്യക്തിപരമായും ബാധിച്ചു. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അമേരിക്കയില്‍വെച്ചു നടന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button