ഗ്യാനേഷ് കുമാറിനെ സംരക്ഷിച്ചാൽ മോദിയും അമിത് ഷായും വലിയ വിലകൊടുക്കേണ്ടിവരും: ഡോ. ജോൺ ബ്രിട്ടാസ് എംപി

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിക്കുന്നതെങ്കിൽ അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്രമക്കേടുകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കുമെതിരെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’ മുന്നണിയിലെ എം.പിമാർ നടത്തുന്ന വൻ മാർച്ചുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയിൽ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ പച്ചക്കള്ളമാണ് ബോധിപ്പിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിൽ, നിലവിലെ സ്ഥാനങ്ങളിൽ തുടരാൻ ഇവർക്ക് യാതൊരു അവകാശമോ ധാർമികതയോ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വോട്ടിങ് പ്രക്രിയയിൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് മൂന്നര മാസം മുമ്പ് (ജൂലൈ 3-ന്) താൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ കത്ത് അയച്ചിരുന്നതായി ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നത് എന്നും, ഒരു വിജ്ഞാപനത്തിലൂടെ ഫോം 6 മാറ്റിമറിക്കാൻ നിയമകാര്യ മന്ത്രാലയത്തിന് മാത്രമേ അധികാരമുള്ളൂ എന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷന് ഇതിനുള്ള എല്ലാ അധികാരങ്ങളും ഉണ്ടെന്നായിരുന്നു ആദ്യ മറുപടി. തുടർന്ന് നിലപാട് മാറ്റി സുപ്രീം കോടതിയുടെ അനുമതിയുണ്ടെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ, അത്തരത്തിലുള്ള യാതൊരു അനുമതിയും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടില്ലെന്ന് ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് എം.പി ഓർമ്മിപ്പിച്ചു.
പുതിയ വോട്ടർമാർക്ക് വേണ്ടി മാത്രമുള്ള ഫോം 6 ഉപയോഗിച്ച്, എസ്.ഐ.ആർ (SIR) പ്രകാരം പട്ടികയിൽ നിന്ന് നീക്കം ചെയ്ത കോടിക്കണക്കിന് വോട്ടർമാരോട് നിർബന്ധപൂർവ്വം അപേക്ഷ പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെടുകയാണ് കമ്മീഷൻ ചെയ്തത്. പൊതുതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തിട്ടുള്ള തന്നോട് പോലും ഫോം 6 പൂരിപ്പിച്ചു നൽകാൻ ആവശ്യപ്പെട്ടതായി ബ്രിട്ടാസ് വെളിപ്പെടുത്തി.
ഫോം 6 പ്രകാരം ജനങ്ങളെക്കൊണ്ട് തെറ്റായ പ്രസ്താവനകൾ നടത്തിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിക്കൂട്ടിൽ നിൽക്കണം. ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതിന് പ്രേരണ നൽകിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രേരണക്കുറ്റം ചുമത്തി ജയിലിലടക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 325-ാം വകുപ്പ് ഉറപ്പുനൽകുന്ന പ്രായപൂർത്തി സമ്പൂർണ്ണ വോട്ടവകാശം എന്ന അടിസ്ഥാന തത്വമാണ് ഗ്യാനേഷ് കുമാർ ലംഘിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും മുതുമുത്തച്ഛന്മാരുടെയും വോട്ടിങ് വിവരങ്ങൾ സത്യവാങ്മൂലമായി നൽകിയാൽ മാത്രമേ വോട്ടർ ആകാൻ സാധിക്കൂ എന്ന നിബന്ധന ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രക്ഷോഭം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണെന്ന് എം.പി അറിയിച്ചു. ഇരുനൂറോളം എം.പിമാരാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച് നടത്തുന്നത്. പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഒൻപതാം തീയതി ദില്ലിയിൽ സമ്മേളിക്കും. പത്താം തീയതി ഇടത് വിദ്യാർത്ഥി സംഘടനകൾ ദില്ലി ജന്തർ മന്തറിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. രാജ്യമൊട്ടാകെ പ്രക്ഷോഭം ആളിക്കത്തുമ്പോൾ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കേന്ദ്ര ഭരണാധികാരികൾ ശ്രമിച്ചാൽ വൻ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.




