ഡെങ്കി ബാധിച്ച് ആശുപത്രിയിലായിരുന്നു, ബജറ്റിലെ ചർച്ചയായതിനാൽ വിശ്രമിക്കാതെ സഭയിലെത്തി’; പരിഹാസത്തിനെതിരെ MLA

തിരുവനന്തപുരം: നിയമസഭയില്‍ ഉറങ്ങുന്നുവെന്ന് പരിഹസിച്ച് പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ പാറശ്ശാല എംഎല്‍എ സി കെ ഹരീന്ദ്രന്‍. ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായിരുന്നുവെന്ന് സി കെ ഹരീന്ദ്രന്‍ പറഞ്ഞു. വിശ്രമം ആവശ്യമായിരുന്നെങ്കിലും ബജറ്റിനെ തുടര്‍ന്നുള്ള ചര്‍ച്ചയായതിനാലാണ് സഭയില്‍ പങ്കെടുത്തതെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. എംഎല്‍എ സഭയില്‍ ഉറങ്ങുകയാണെന്ന തരത്തിലുള്ള ഏതാനും സെക്കന്റുകളുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് സി കെ ഹരീന്ദ്രന്‍ രംഗത്തെത്തിയത്.
‘ആ ദിവസം ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയും പാറശ്ശാല നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകളോളം നീണ്ടുനിന്ന സഭാ നടപടികള്‍ക്കിടയിലെ ഏതാനും നിമിഷങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് ശ്രമിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ ഒരിക്കലും തടസ്സമാകരുതെന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചികിത്സയിലായിരുന്ന സാഹചര്യത്തിലും വിശ്രമം തുടരുന്നതിന് പകരം നിയമസഭയിലെത്തി ജനങ്ങളുടെ ശബ്ദമാകാന്‍ ഞാന്‍ ശ്രമിച്ചത്’, സി കെ ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രോഗാവസ്ഥയില്‍ നിന്നുള്ള ശാരീരിക ക്ഷീണം ഒരു യാഥാര്‍ത്ഥ്യമാണെന്നും അതിനെ മനുഷ്യത്വപരമായി കാണുന്നതിന് പകരം പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു മനുഷ്യന്റെ ആരോഗ്യപ്രശ്നങ്ങളെ പോലും രാഷ്ട്രീയ ആയുധമാക്കേണ്ടിവരുന്നത് നമ്മുടെ പൊതുസമൂഹം ഗൗരവമായി വിലയിരുത്തേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിനിടെയുള്ള ഏതാനും സെക്കന്‍ഡുകളുടെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചക്കാലം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലായിരുന്നു ഞാന്‍. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിശ്രമം ആവശ്യമായിരുന്നെങ്കിലും സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ നടക്കുന്നതിനാലും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടതുണ്ടെന്ന ബോധ്യത്താലുമാണ് പൂര്‍ണമായി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിന് മുമ്പ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.ആ ദിവസവും സഭയില്‍ സാന്നിധ്യം രേഖപ്പെടുത്തുക മാത്രമല്ല, ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയും പാറശ്ശാല നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകളോളം നീണ്ടുനിന്ന സഭാ നടപടികള്‍ക്കിടയിലെ ഏതാനും നിമിഷങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലര്‍ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് ശ്രമിക്കുന്നത്.പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വബോധമാണ് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുള്ളത്. ജനപ്രതിനിധിയെന്ന നിലയില്‍ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ആരോഗ്യപ്രശ്നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ ഒരിക്കലും തടസ്സമാകരുതെന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചികിത്സയിലായിരുന്ന സാഹചര്യത്തിലും വിശ്രമം തുടരുന്നതിന് പകരം നിയമസഭയിലെത്തി ജനങ്ങളുടെ ശബ്ദമാകാന്‍ ഞാന്‍ ശ്രമിച്ചത്.




