സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം; പരാതിയുമായി അധ്യാപക സംഘടനകൾ

തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ. നേരത്തെ നിശ്ചയിച്ചിരുന്നതിന്റെ ഇരട്ടിയിലധികം കെട്ടിടങ്ങളാണ് അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അടുത്തമാസം ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അധ്യാപകർക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന എന്യൂമറേറ്റർമാരെ പീഡിപ്പിക്കുന്ന സമീപനങ്ങൾ അധികാരികൾ അവസാനിപ്പിക്കണമെന്നാണ് അധ്യാപക സംഘടനകളുടെ പ്രധാന ആവശ്യം. ഒരു എന്യൂമറേറ്റർക്ക് 200 കെട്ടിടങ്ങളുടെ കണക്കെടുപ്പാണ് നിർവഹിക്കേണ്ടത്. അത് ജൂലൈ 31നകം പൂർത്തിയാക്കണമെന്നാണ് പരിശീലന ക്ലാസുകളിലും ഔദ്യോഗിക നിർദേശങ്ങളിലും അറിയിച്ചിരുന്നത്. എന്നാൽ നിലവിൽ പല എന്യൂമറേറ്റർമാർക്കും 400ഓളം കെട്ടിടങ്ങളുടെ കണക്കെടുപ്പ് ചുമതലപ്പെടുത്തി എന്നാണ് സംഘടനകളുടെ ആരോപണം.
ഇതിന് പുറമെ, ജൂലൈ 15നകം തന്നെ സെന്‍സസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന അനൗദ്യോഗിക നിർദേശവും നൽകുന്നുണ്ടെന്നും അധ്യാപകർ പറയുന്നു. എന്യൂമറേറ്റർമാരില്‍ ഭൂരിഭാഗവും വനിതകളാണ്. അവർ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ജോലി നിർവഹിക്കുന്നത്. 200ല്‍ കൂടുതല്‍ കെട്ടിടങ്ങള്‍ ചുമതലപ്പെടുത്തിയവരുടെ എണ്ണം കുറയ്ക്കണമെന്നും സെന്‍സസ് പൂർത്തിയാക്കാൻ ജൂലൈ മാസം മുഴുവൻ സമയം അനുവദിക്കണമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. കൂടാതെ പഠനം മുടങ്ങാതിരിക്കാൻ താൽക്കാലിക അധ്യാപകരെ നിയമിക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. ആഗസ്റ്റ് 10ഓടെ ഓണപരീക്ഷ ആരംഭിക്കാനിരിക്കെ പാഠഭാഗങ്ങൾ തീർക്കുക അധ്യാപകർക്ക് ബാലികേറാമലയാകും. വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി ക്രമീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.




