Uncategorized

‘തിരുവനന്തപുരം നഗരസഭാ ഭരണം പ്രതിസന്ധിയില്‍, സര്‍ക്കാര്‍ ഇടപെടണം’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. അതീവ ഗൗരവമുള്ള പ്രശ്‌നമാണിതെന്നും നിലവില്‍ നഗരസഭ ഭരണപ്രതിസന്ധിയിലാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രണ്ട് കൗണ്‍സില്‍ യോഗത്തില്‍ ഹാജരാകാത്ത ബിജെപി കൗണ്‍സിലര്‍ കാപ്പ കേസില്‍ ജയിലിലാണ്. നിലവില്‍ അതൊരു ഭരണപ്രതിസന്ധിയാണ്. 20 കൗണ്‍സിലര്‍മാര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി ഇടപെട്ട് അത് റദ്ദാക്കി. ഇതോടെ നടപടി നേരിടുന്ന കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുതയുണ്ടാകില്ലെന്നും വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി മേയര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ക്ക് നിയമസാധുത ഉണ്ടോ എന്നത് പ്രധാന വിഷയമാണെന്നും നഗരസഭയിലെ പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗം നീട്ടിക്കൊണ്ടു പോകുന്നതിലടക്കം സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ആവശ്യപ്പെട്ടു.

20 ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. ദൈവങ്ങളുടെയും ബലിദാനികളുടെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനാലായിരുന്നു കോടതി നടപടി. ബിജെപി കൗണ്‍സിലര്‍മാര്‍ ‘ഗുരുദേവ നാമത്തില്‍, ഉദിയന്നൂര്‍ ദേവിയുടെ നാമത്തില്‍, കാവിലമ്മയുടെ നാമത്തില്‍, ഭഗവത് നാമത്തില്‍, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തില്‍, ഭാരതാംബയുടെ നാമത്തില്‍, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരില്‍, ഭാരത മാതാവിന്റെ നാമത്തില്‍, തിരുവല്ലം പരശുരാമന്റെ നാമത്തില്‍, ആറ്റുകാല്‍ അമ്മയുടെ നാമത്തില്‍, ശ്രീ ഇരുംകുളങ്ങര ദുര്‍ഗ ഭഗവതിയുടെ നാമത്തില്‍, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തില്‍, ശ്രീകണ്ഠേശ്വരന്‍ അമ്മയപ്പന്‍ നാമത്തില്‍, അയ്യപ്പ നാമത്തില്‍, കാര്യവട്ടം ശ്രീ ധര്‍മ ശാസ്താവിന്റ നാമത്തില്‍’ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞയാണ് റദ്ദാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ പേരിലായിരുന്നു സുനില്‍ ചുവട്ടുപാടം സത്യപ്രതിജ്ഞ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button