Uncategorized

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല: ആദ്യഘട്ട വിജ്ഞാപനത്തിന് കേന്ദ്രം, കേരളമടക്കം തർക്കസംസ്ഥാനങ്ങളെ ഒഴിവാക്കാൻ നീക്കം

ന്യൂഡല്‍ഹി: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച് ആദ്യഘട്ട വിജ്ഞാപനത്തിന് കേന്ദ്രം. കേരളം അടക്കം തര്‍ക്കമുളള സംസ്ഥാനങ്ങളെ ഒഴിവാക്കി വിജ്ഞാപനം നടത്താനാണ് നീക്കം. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. കേരളത്തിന്റെയും കര്‍ണാടകയുടെയും കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകള്‍ പരിസ്ഥിതിലോല പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദഗ്ധ സമിതി ഇത് അംഗീകരിച്ചിട്ടില്ല. കരട് വിജ്ഞാപന കാലാവധി ജൂലൈ 27-ഓടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നടപടികള്‍ വേഗത്തിലാക്കുന്നത്.

2024 ജൂലൈ 31നാണ് കേന്ദ്രം ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളില്‍ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങള്‍ തുടങ്ങുകയോ നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യരുതെന്നും കരടില്‍ നിര്‍ദേശമുണ്ടായിരുന്നു.
കേരളത്തിലെ 131 വില്ലേജുകളായിരുന്നു കരട് വിജ്ഞാപനത്തിലെ പട്ടികയിലുണ്ടായിരുന്നത്. വയനാട് ജില്ലയിലെ 13 വില്ലേജുകള്‍, കോതമംഗലം താലൂക്കിലെ കുട്ടംപുഴ വില്ലേജ്, ദേവികുളം താലൂക്കിലെ 14 വില്ലേജുകള്‍, ഇടുക്കി താലൂക്കിലെ 9 വില്ലേജുകള്‍, പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകള്‍, തൊടുപുഴ താലൂക്കിലെ രണ്ട് വില്ലേജുകള്‍, ഉടുമ്പന്‍ചോല താലൂക്കിലെ 18 വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ രണ്ട് വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ ഒരു വില്ലേജ്, പത്തനാപുരം താലൂക്കിലെ രണ്ട് വില്ലേജുകള്‍, പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകള്‍ എന്നിവയായിരുന്നു കരട് വിജ്ഞാപനപ്രകാരം പരിസ്ഥിതി ലോല പ്രദേശമാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button