കൊട്ടിയൂരിൽ ഇനി നിഗൂഢപൂജാദിനങ്ങൾ

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ചതുശ്ശതം വലിയ വട്ടളം പായസം ആയില്യം നാളായ ഇന്നലെ പെരുമാൾക്ക് നിവേദിച്ചു. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്ക് ഒപ്പമാണ് വലിയവട്ടളം പായസം നിവേദിച്ചത്.
ഇന്ന് വൈശാഖ മഹോത്സവത്തിലെ മകം നാൾ. ഉച്ചശീവേലി ആരംഭിക്കുമ്പോൾ സ്ത്രീകൾ സന്നിധാനത്തിന് പുറത്തേക്ക് മടങ്ങും. ശീവേലി പൂർത്തിയാക്കി കഴിഞ്ഞ് ആനകളും വിശേഷ വാദ്യങ്ങളും സന്നിധാനത്തിൽ നിന്ന് മടങ്ങും. ഇന്ന് സന്ധ്യയ്ക്ക് ശേഷം നല്ലൂരാനും കുലാല സംഘവും മൺകലങ്ങളും തലയിലേറ്റി അക്കരെ സന്നിധാനത്തിൽ എത്തിയാൽ നിഗൂഢ പൂജകളുടെ ദിനങ്ങൾ ആരംഭിക്കും. ഇന്ന് ഉച്ച ശീവേലി മുതൽ ചിട്ടകളിലും ചടങ്ങുകളിലും മാറ്റം വരും.സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന മണിത്തറയിൽ ഉള്ള കാർമ്മികനുമായി പരസ്‌പരം കാണാതെ പ്രസാദം വാങ്ങി നല്ലൂരാനും സംഘവും ദർശനം നടത്തും. സംഘത്തിനായി കരുതിയ സദ്യയും കഴിച്ച് മടങ്ങും. ഇവർ സമർപ്പിക്കുന്ന കലങ്ങൾ ഉപയോഗിച്ചുള്ള ഗൂഢപൂജകൾ ഇന്ന് രാത്രി തന്നെ ആരംഭിക്കും. വറ്റടി നാളിൽ സ്വയംഭൂവിനെ ആവരണം ചെയ്യാനുള്ള അഷ്ടബന്ധവും ഇന്നു മുതൽ തയ്യാറാക്കി തുടങ്ങും.




