ഫുട്ബോൾ താരങ്ങൾ സോഡാ കുപ്പിയുടെ അടപ്പുകളിലും;വിദ്യാർഥികളുടെ കരവിരുതിലൂടെ പരിസ്ഥിതി സംരക്ഷണ സന്ദേശം

എറണാകുളം: സോഡാക്കുപ്പിയുടെ അടപ്പുകളിൽ ഫുട്ബോൾ താരങ്ങളെ നിർമിച്ചിരിക്കുകയാണ് മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥികൾ. ഉപയോഗശൂന്യമായ സോഡാക്കുപ്പിയുടെ അടപ്പുകൾ ഉപയോഗിച്ചാണ് ലോക ഫുട്ബോളിലെ വിസ്മയങ്ങളെ നിർമിച്ചത്. ഫുട്ബോൾ ചർച്ചകൾക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയൊരു സന്ദേശം കൂടി പങ്കുവെക്കുകയാണ് ഈ ക്യാമ്പസ്.
വേസ്റ്റ് ടു വണ്ടർ’ എന്ന ആശയം മുൻനിർത്തിയാണ് മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥികൾ സോഡാ കുപ്പിയുടെ അടപ്പുകൾ കൊണ്ട് ഫുട്ബോൾ രാജാക്കന്മാരെ സൃഷ്ടിച്ചത്. ലോക ഫുട്ബോളിലെ വിസ്മയങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂറ്റൻ മുഖചിത്രങ്ങളാണ് കോളേജിൽ നിർമിച്ചത്. കോളേജിലെ ബാസ്‌ക്കറ്റ് ബോൾ കോർട്ടിലാണ് ഈ മനോഹര ദൃശ്യം ഒരുക്കിയിരിക്കുന്നത്. ആയിരത്തിലധികം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഈ ഭീമൻ മോസെക് ചിത്രത്തിന് പിന്നിൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അജയ് വി. ജോണിന്റെ മനോഹരമായ ആശയമുണ്ട്.
കടുത്ത അർജന്റീന-മെസ്സി ആരാധകനായ അജയ്, മൂന്ന് വർഷം മുൻപും മെസ്സിയുടെ ഒരു കൂറ്റൻ ചിത്രം ചാർട്ട് പേപ്പറിൽ ഒരുക്കി ശ്രദ്ധ നേടിയിരുന്നു. മെസ്സി, റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവരുടെ അവസാന ലോകകപ്പ് എന്ന നിലയിൽ അവർക്കൊരു ആദരമായി ഇത്തവണ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് അജയിനെ ഈ പുതിയ ആശയത്തിലേക്ക് എത്തിച്ചത്.
വിവിധ സോഡാ ഹൗസുകൾ, നിർമ്മാണ യൂണിറ്റുകൾ, കടകൾ, ബാറുകൾ എന്നിവടങ്ങളിൽ നിന്നെല്ലാമായി നീണ്ട രണ്ടു മാസക്കാലം കൊണ്ടാണ് ഒരു ലക്ഷത്തി ആറായിരത്തോളം സോഡാ കുപ്പിയുടെ അടപ്പുകൾ ശേഖരിച്ചത്. ഓരോ അടപ്പും പ്രത്യേകം ബോർഡുകളിലായി ഒട്ടിച്ച്, അതിൽ പെയിന്റടിച്ചാണ് താരങ്ങളുടെ ജീവൻതുടിക്കുന്ന ചിത്രങ്ങൾ നിർമിച്ചത്.
ഇതിൽ അവസാന ഘട്ടത്തിലെ ബോർഡുകൾ ഒട്ടിച്ച് ചിത്രം പൂർത്തിയാക്കുന്ന ജോലി ഏഴ് ദിവസത്തെ റെക്കോർഡ് സമയം കൊണ്ടാണ് പൂർത്തിയാക്കിയത്. വിദ്യാർത്ഥികളുടെ പുതുമയാർന്ന ആശയത്തിന് പിന്തുണയുമായി മാനേജ്മെന്റും ഒപ്പമുണ്ടായിരുന്നു. പരിസ്ഥിതി സൗഹൃദമായ ഒരു ഭൂമിയെ സൃഷ്ടിക്കാൻ നമുക്കേവർക്കും കൈകോർക്കാം എന്ന വലിയൊരു സന്ദേശം കൂടിയാണ് നിർമല കോളേജ് ഈ ലോകകപ്പ് വേളയിൽ നാടിന് സമർപ്പിക്കുന്നത്.




