പരീക്ഷാ ക്രമക്കേട്; നിർണായക പിഎസ്സി യോഗം ഇന്ന്

തിരുവനന്തപുരം: നിർണായക പിഎസ്സി യോഗം ഇന്ന്. പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് യോഗം. ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം തേടാനുള്ള തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.
ക്രമക്കേടിൽ പിഎസ്‌സി ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുന്നതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
എന്നാൽ പരീക്ഷകളിൽ വ്യാപകമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ എതിർത്താൽ അത് വ്യാപക വിമർശനത്തിനിടയാക്കുമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെടുന്നുണ്ട്.
അതേസമയം, പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് മുതൽ രേഖപ്പെടുത്തും. ഇതിനുശേഷമാകും കേസ് രജിസ്റ്റർ ചെയ്യുക.
ഇതുവരെ ലഭിച്ച പരാതികളിൽ പ്രാഥമിക പരിശോധന അന്വേഷണസംഘം പൂർത്തിയാക്കിയിട്ടുണ്ട്. പിഎസ്‌സി രേഖകൾ നൽകാൻ തയ്യാറായില്ലെങ്കിൽ ക്രൈം ബ്രാഞ്ച് നിയമനടപടികളിലേക്ക് കടക്കാനും ആലോചിക്കുന്നുണ്ട്.പിഎസ്‌സി നടത്തിയ ആസൂത്രണ ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ, കെഎഎസ്, ഡിവൈഎസ്‌പി സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷകളെക്കുറിച്ചാണ് കൂടുതൽ ആരോപണം ഉയർന്നിരിക്കുന്നത്. വിജിലൻസിന് മാത്രം 14 പരാതികൾ ലഭിച്ചിരുന്നു.




