Uncategorized

സി പി ഐ എം ൽ നേതൃമാറ്റത്തിനായി മുറവിളി; തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കും ഗോവിന്ദനുമെതിരെ വിമര്‍ശനം

തിരുവനന്തപുരം: സിപിഐഎമ്മില്‍ നേതൃമാറ്റത്തിനായി മുറവിളി. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പിന്റെ റിവ്യൂ വിശദമായി ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ വീഴ്ച്ചകള്‍ നേതാക്കള്‍ തുറന്നുകാട്ടി. എം വി ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തു.

അതിനിടെ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ എംഎല്‍എമാരായ എം ബി രാജേഷിനും കെ ശാന്തകുമാരിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. എം ബി രാജേഷിന്റെയും കെ ശാന്തകുമാരിയുടെയും ശൈലി തോല്‍വിക്ക് കാരണമായെന്നാണ് ഉയര്‍ന്ന വിമര്‍ശനം. തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ എംഎല്‍എമാരായിട്ടും ജനങ്ങളുമായി ബന്ധമില്ലാതായെന്നും വിമര്‍ശനം ഉയര്‍ന്നു. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി പരിശോധിക്കാനും ജില്ലാ കമ്മിറ്റിയില്‍ തീരുമാനമായി. പാലക്കാട് മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച ഗൗരവതരമെന്ന് യോഗം വിലയിരുത്തി.സിപിഐഎം സ്വാധീന മേഖലയില്‍ പോലും തിരിച്ചടിയുണ്ടായി. പാലക്കാട് മണ്ഡലത്തിലെ സിപിഐഎം പ്രവര്‍ത്തനം നിര്‍ജീവമായി. പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക് വളര്‍ച്ചയുണ്ടായെന്നും യോഗം വിലയിരുത്തി. നെല്ല് സംഭരണം ജില്ലയില്‍ ഇടതു പക്ഷത്തെ ബാധിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ രാധാകൃഷ്ണന്‍, കെ എസ് സലീഖ എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു വിമര്‍ശനം.അതേസമയം, സിപിഐഎം സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ടില്‍ മൂന്ന് പ്രധാന തിരുത്തലുകളുണ്ടായി എന്നുള്ള വിവരവും പുറത്തുവന്നു. സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് മൂന്നിടങ്ങളിലാണ് തിരുത്ത്. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വീഴ്ച ഏറ്റുപറഞ്ഞുകൊണ്ടാണ് ഒന്നാമത്തെ തിരുത്തല്‍. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നുവെന്നും സമ്മതിക്കുന്നുണ്ട്. സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിനെതിരെ നടപടി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപടി ചര്‍ച്ച ചെയ്യാന്‍ ജില്ലാകമ്മിറ്റിയെ ചുമതലപ്പെടുത്തി. തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സംസ്ഥാന സമിതിയില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. മണ്ഡലം കമ്മിറ്റിയിലെ 73 പേരില്‍ 70 പേരും പി കെ ശ്യാമളക്ക് എതിരായിരുന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥിയായത് ഞെട്ടിച്ചെന്നാണ് കാസര്‍കോടുനിന്നുള്ള അംഗം ചൂണ്ടിക്കാട്ടിയത്. പിന്നാലെയാണ് റിപ്പോര്‍ട്ടില്‍ സ്ഥാനാര്‍ത്ഥിത്വത്തിലെ പിഴവ് കൂടി ഉള്‍പ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button