അതിന്റെ കാലൊടിച്ചിട്ട് നിന്ന് ചിരിക്കുന്നോ?’; നായയെ ഉപദ്രവിച്ച യുവാവിന്റെ മേൽ തുപ്പി, ചീത്ത വിളിച്ച് റഷ്യൻ യുവതി

വരാണസിയിൽ നായയെ പരിക്കേല്പിച്ചെന്നാരോപിച്ച് യുവാവിനെതിരെ പൊട്ടിത്തെറിക്കുന്ന ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നായക്കുഞ്ഞിനെയും എടുത്തുകൊണ്ട് പിങ്ക് നടാഷ എന്ന് അറിയപ്പെടുന്ന റഷ്യൻ യുവതി ഇയാളെ ചോദ്യം ചെയ്യുന്നതും ചീത്ത വിളിക്കുന്നതുമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നടാഷ തുടർച്ചയായി നായക്കുഞ്ഞിന്റെ കാലൊടിച്ചതിനെ കുറിച്ച് ഇയാളെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാൾ തിരികെ ഒന്നും പ്രതികരിക്കുന്നില്ല. ഇതോടെയാണ് യുവതി രോഷാകുലയാവുന്നതും ഇയാളെ ചീത്ത വിളിക്കുന്നതും. ഒരു ഘട്ടത്തിൽ ഇയാളുടെ ദേഹത്തേക്ക് തുപ്പുന്നതും കാണാം.അതിനിടയിൽ യുവാവ് ചിരിക്കുമ്പോൾ ‘നിങ്ങളെന്തിനാണ് ചിരിക്കുന്നത്’ എന്നും നടാഷ ഇയാളോട് ചോദിക്കുന്നുണ്ട്. ഈ ചോദ്യങ്ങളിൽ നിന്നെല്ലാം ഇയാൾ ഒഴിഞ്ഞു മാറുകയാണ്. ചുറ്റുമുള്ള ആളുകളോടും നടാഷ നായയെ കാണിച്ചുകൊണ്ട് ഇയാൾ നായയുടെ കാലിന് പരിക്കേല്പിച്ചു എന്ന് പറയുന്നത് കാണാം. അതേസമയം, ഇവർ യുവാവിനെ ചീത്ത വിളിക്കുന്നുമുണ്ട്. ഇയാൾ അവിടെ നിന്നും പോകാൻ ശ്രമിക്കുമ്പോൾ നടാഷ പിറകെ നടന്ന് ചോദ്യം ചെയ്യുകയും ഇയാളുടെ ദേഹത്ത് തുപ്പുകയും ആയിരുന്നു.




