യുവതി സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലെത്തി, കഴുത്തിന് പിടിച്ച് തള്ളി, കമ്പിവടി വീശി; 28 കാരനെ പൊക്കി കരമന പൊലീസ്

തിരുവനന്തപുരം: ജോലിസ്ഥലത്ത് അതിക്രമിച്ചുകയറി യുവതിയെ വധിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരുതൂർക്കടവ്, കുളത്തറ, വാഴവിളാകം മേലിട്ടുവീട്ടിൽ ബിനുവിന്റെ മകൻ രാഹുൽ (28) ആണ് കരമന പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10:45 ഓടെയായിരുന്നു സംഭവം. കാലടി, വാഴവിളാകം ഭാഗത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുൻവൈരാഗ്യം കാരണം സ്ഥാപനത്തിന് മുന്നിലെത്തിയ പ്രതി യുവതിയെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവ് ബഹളം വെച്ചതോടെ അവിടെനിന്നും പോകാൻ യുവതി ആവശ്യപ്പെട്ടു. ഇതോടെ കമ്പിവടിയുമായി സ്ഥാപനത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടു. തുടർന്ന് കമ്പിവടി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. കരമന പൊലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് പിടിയിലായ രാഹുൽ. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരമന പൊലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




