“തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തി”; കടകംപള്ളിയുടെ തോൽവിയിൽ അന്വേഷണം വേണമെന്ന് സിപിഐഎം വഞ്ചിയൂർ ഏരിയ കമ്മറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തോൽപ്പിച്ചെത് മനപ്പൂർവമാണെന്ന് ആരോപണം. തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് മണ്ഡലം സെക്രട്ടറിക്കെതിരേയടക്കം വിമർശനമുണ്ടായത്.
കടകംപള്ളിയുടെ തോൽവി അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ വയ്ക്കണമെന്നും ഏരിയ കമ്മറ്റി യോഗത്തിൽ ആവശ്യമുയർന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തി പരാജയപ്പെടുത്താൻ ബോധപൂർവ ശ്രമം ഉണ്ടായെന്നുമാണ് കഴിഞ്ഞ ദിവസം നടന്ന സിപിഐഎം ഏരിയ കമ്മറ്റി യോഗത്തിൽ വിമർശനം.
നിരവധി പ്രതികൂല ഘടങ്ങൾ ഉണ്ടായിരുന്നെങ്കിൽ പോലും നിസാരമായി ജയിച്ച് വരാൻ കഴിയുമായിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ വ്യക്തിപ്രഭാവം കൊണ്ട് മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്താനായെങ്ങിലും നിസാര വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിക്കുള്ളിലെ പാലം വലികൊണ്ടാണെന്നും വിമർശനമുയർന്നു. മണ്ഡലം സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറി. എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്കാണ് എടുത്തത്. കൂടിയാലോചന നടന്നിട്ടില്ലെന്നും വിമർശനമുയർന്നു.




