Uncategorized

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കും. സൂപ്രണ്ടിന്റെ മുറിയില്‍ രാവിലെ 11 മണിക്ക് മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിലാദ്യമായാണ് ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. കോര്‍പ്പറേഷന്‍ ഭരണം നഷ്ടമാകില്ലെന്ന ആശ്വാസത്തിലാണ് ബിജെപി. ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതന്‍ ഉള്‍പ്പെടെ 20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് മറ്റ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷനില്‍ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാല്‍ സുഗതന് കൗണ്‍സിലര്‍മാര്‍ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.

സത്യപ്രതിജ്ഞാ ചടങ്ങില്‍ മിനിമം ഉദ്യോഗസ്ഥരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ. അക്രഡിറ്റഡ് മാധ്യപ്രവര്‍ത്തകര്‍ക്ക് ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സുഗതന്‍ കൊടും ക്രിമിനലാണെന്നും സത്യപ്രതിജ്ഞ ചെയ്യാനായി ജയിലിന് പുറത്തുവിടാന്‍ കഴിയില്ലെന്നുമുളള ശക്തമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ജനാധിപത്യത്തില്‍ പ്രധാനമെന്നും ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തിക്കൊണ്ടാണ് സുഗതന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നുമാണ് കോടതി നിരീക്ഷിച്ചത്. ജനവിധി മാനിച്ചുകൊണ്ടാണ് ജയിലിനുളളില്‍ വെച്ച് സത്യപ്രതിജ്ഞ നടത്താന്‍ കോടതി അനുമതി നല്‍കിയത്.സുഗതന് മേല്‍ ചുമത്തിയ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവെച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ സുഗതന് വിലക്കുണ്ട്. സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് നഷ്ടമാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്താലും ജയിലില്‍ തുടരുന്നതിനാല്‍ കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകാന്‍ കഴിയാതിരിക്കുന്നത് ഭാവിയില്‍ സുഗതന്റെ അംഗത്വത്തിന് ഭീഷണിയായേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button