പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ല; രേഖകൾ പുറത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് തെളിയിക്കുന്ന രേഖകൾ ട്വന്റിഫോർ ന്യൂസിന്. ഹൈക്കോടതി ഉത്തരവിൽ പരോൾ വ്യവസ്ഥയിലെ മാറ്റം മാത്രമാണ് പരാമർശിച്ചിരുന്നത്. 10 പ്രതികൾക്കും ജയിൽ വകുപ്പ് നേരിട്ടാണ് പരോൾ അനുവദിച്ചത്. കോടതി ഉത്തരവ് പ്രകാരമാണ് പരോൾ അനുവദിച്ചത് എന്നായിരുന്നു നേരത്തെയുള്ള വിശദീകരണം.എന്നാൽ ലോക്കൽ പൊലീസിന്റെയും പ്രൊബേഷൻ ഓഫീസറുടെയും റിപ്പോർട്ട് തേടിയില്ലെന്നും ആക്ഷേപമുണ്ട്.
2019 ഫെബ്രുവരി 17 നായിരുന്നു കാസർഗോഡ് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും റോഡില്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരത്തിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊന്‍പതുമായിരുന്നു പ്രായം.
കേസില്‍ പീതാംബരന് ഉള്‍പ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടിരുന്നു.




