Uncategorized

ആറാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിൽ അഗ്നിബാധ, നിമിഷങ്ങൾക്കുള്ളിൽ കംപാർട്ട്മെന്റ് കത്തിയമർന്നു, ബിഹാറിൽ വൻ അപകടം

പട്ന:റെയിൽ വേ സ്റ്റേഷനിൽ നിർത്തിയിരുന്ന പാസഞ്ചർ ട്രെയിനിൽ അഗ്നിബാധ. പട്നയിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിനാണ് ബിഹാറിലെ സാസാരാം റെയിൽവേ സ്റ്റേഷനിൽ വച്ച് തീ പിടിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.ഭഭുവ-സാസാരാം-പട്ന ഇന്റർസിറ്റി ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പട്നയിലേക്ക് പുറപ്പെടുന്നതിനായി പ്ലാറ്റ്‌ഫോം നമ്പർ ആറിൽ നിർത്തിയിട്ടിരുന്ന സമയത്താണ് ട്രെയിന്റെ ജനറൽ കോച്ചുകളിലൊന്നിൽ പെട്ടെന്ന് തീപിടിത്തമുണ്ടായത്. രാവിലെ 6:45 ന് പട്നയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ ആയതിനാൽ ആ സമയത്ത് നിരവധി യാത്രക്കാർ കോച്ചിനുള്ളിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു. കോച്ചിന്റെ ശുചിമുറിയിൽ നിന്നും ആദ്യം കനത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാരും പരിസരവാസികളും ഉടൻ തന്നെ ബഹളം വെയ്ക്കുകയായിരുന്നു.

തീ അതിവേഗം കോച്ചിലേക്ക് പടർന്നതോടെ യാത്രക്കാർക്കിടയിൽ കനത്ത പരിഭ്രാന്തി പരക്കുകയും ആളുകൾ ജീവനും കൊണ്ട് പുറത്തേക്ക് ഓടാൻ ശ്രമിക്കുകയും ചെയ്തു. പല യാത്രക്കാർക്കും ട്രെയിനിൽ നിന്നും ഇറങ്ങി രക്ഷപ്പെടാനുള്ള തിടുക്കത്തിനിടയിൽ തങ്ങളുടെ ലഗേജുകൾ പോലും ഉപേക്ഷിക്കേണ്ടി വന്നു. സ്റ്റേഷനിൽ ഒരു ഉന്തും തള്ളും ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായെങ്കിലും റെയിൽവേ ജീവനക്കാരുടെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയും തക്കസമയത്തുള്ള ഇടപെടലിലൂടെ മുഴുവൻ യാത്രക്കാരെയും കോച്ചിൽ നിന്നും പ്ലാറ്റ്‌ഫോമിൽ നിന്നും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. അപകടത്തിൽ ആർക്കും ജീവഹാനിയോ പരിക്കുകളോ സംഭവിച്ചിട്ടില്ല.

സംഭവമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്സ് സംഘവും ഉടനടി സ്ഥലത്തെത്തി റെയിൽവേ ട്രാക്കുകളിലെ വൈദ്യുതി വിതരണം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയത്. അഗ്നിശമനസേനയുടെ കഠിനമായ ശ്രമങ്ങൾക്കൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അപകടത്തിൽ ട്രെയിനിന്റെ ഒരു ജനറൽ കോച്ച് പൂർണ്ണമായും കത്തിയമർന്നു. സമീപത്തുള്ള മറ്റൊരു കോച്ചിന്റെ പിൻഭാഗത്തിനും ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപിടിച്ച കോച്ചിൽ നിന്നും വൻതോതിൽ കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നതിന്റെയും തീ സമീപത്തെ മരങ്ങളിലേക്ക് പടരുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.പ്രാഥമിക അന്വേഷണങ്ങൾ പ്രകാരം ട്രെയിനിലെ ഇലക്ട്രിക്കൽ വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി സംശയിക്കുന്നത്. എങ്കിലും ഏതെങ്കിലും യാത്രക്കാർ കോച്ചിനുള്ളിൽ എളുപ്പം തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യവും റെയിൽവേ അധികൃതർ അന്വേഷിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ തകരാറിലായ കോച്ച് ട്രെയിനിൽ നിന്നും വേർപെടുത്തുകയും റെയിൽവേ സുരക്ഷാ വിഭാഗം വിശദമായ സാങ്കേതിക പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. ഇന്നലെ മധ്യപ്രദേശിലെ രത്‌ലാമിൽ ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന്റെ എസി കോച്ചിനും സമാനമായ രീതിയിൽ തീപിടിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button