Uncategorized

മന്ത്രിമാർ ആരെല്ലാമെന്ന് ഇന്നറിയാം; മോൻസ് ജോസഫും അപു ജോൺ ജോസഫും പരിഗണനയിൽ, 5 മന്ത്രിമാർ വേണമെന്ന നിലപാടിൽ ലീഗ്

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്നറിയാം. വകുപ്പുകള്‍ തീരുമാനിക്കാന്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും നടക്കും. രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസിലാണ് കൂടിക്കാഴ്ച. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ദീപാദാസ് മുന്‍ഷിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
ഇന്നലെ യുഡിഎഫ് യോഗം ചേര്‍ന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. ഘടക കക്ഷികളെ വെവ്വേറെ കണ്ടാകും വകുപ്പുകള്‍ തീരുമാനിക്കുക. അഞ്ച് മന്ത്രിമാര്‍ വേണമെന്ന നിലപാടില്‍ മുസ്ലിം ലീഗ് ഉറച്ച് നില്‍ക്കുകയാണ്. രണ്ട് മന്ത്രിമാര്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

മോന്‍സ് ജോസഫും അപു ജോണ്‍ ജോസഫും മന്ത്രി പട്ടികയിലുണ്ട്. മോന്‍സ് ജോസഫിനാണ് പ്രഥമ പരിഗണന. രണ്ടാം മന്ത്രിസ്ഥാനം അപുവിനാണ്. തോമസ് ഉണ്ണിയാടനെയും പരിഗണിക്കുന്നുണ്ട്. മന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇവരിലൊരാള്‍ ചീഫ് വിപ്പാകും. ചീഫ് വിപ്പാകാന്‍ അപുവിനാണ് കൂടുതല്‍ സാധ്യത.

അതേസമയം, 102 സീറ്റ് നേടി അധികാരത്തില്‍ എത്തിയ വി ഡി സതീശന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ നടക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മ്മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്. അമ്പതിനായിരം പേര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് പൊതുഭരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button