ശശികലയ്ക്ക് നല്‍കിയ അനുഭാവപൂര്‍വ്വമായ സമീപനം കെഎസ്‌യു നേതാക്കളും അര്‍ഹിക്കുന്നു; വി ആര്‍ അനൂപ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് അഡ്വക്കേറ്റ് വി ആര്‍ അനൂപ് രംഗത്ത്. ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം കൊടുത്ത മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചു എന്നാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിനും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ആണ് കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ചത്.
ഇലക്ഷന്‍ കമ്മീഷണര്‍ ആയി നിയമിതനായ വ്യക്തിയുടെ സംഘപരിവാര്‍ ബന്ധത്തെപ്പറ്റി പി എം നിയാസിന് തന്റെ ബോധ്യം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയില്ലെന്നാണ് അനൂപ് ചൂണ്ടിക്കാട്ടുന്നത്. പ്ലീഡര്‍ നിയമനത്തില്‍ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും അനുവാദം നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു. ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും, ആര്‍വി ബാബുവിനോടും കാണിച്ച അനുഭാവപൂര്‍വ്വമായ സമീപനം കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ അര്‍ഹിക്കുന്നുണ്ടെന്നും അനൂപ് വ്യക്തമാക്കി. അവരുടെ അവകാശവും ആണ് അത്. ഇത് തങ്ങളുടെ കൂടി സര്‍ക്കാരാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കെഎസ്‌യുവിന് എതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ രംഗത്തെത്തിയത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയ നിയമിച്ചതിനെ കുറിച്ചുള്ള കെഎസ്‌യു വിമര്‍ശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്‌യുവാണോ ഗവ. പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്‌യുവിന് ഗവ. പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്ന് ചോദിച്ച സതീശന്‍, ഒരു കാര്യവുമില്ലെന്നും പറഞ്ഞിരുന്നു.
പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കെഎസ്‌യു നോതാക്കള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ‘നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍’എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. പിന്നാലെ മുഖ്യമന്ത്രിയെ കാണാന്‍ കെഎസ്‌യു അധ്യക്ഷന്‍ അനുമതി തേടിയിരുന്നെങ്കിലും നിഷേധിക്കുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കുന്നതില്‍ എതിര്‍പ്പറിയിച്ച പി എം നിയാസിനും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിരുന്നു.
ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതായിരുന്നു വിവാദമായത്. പ്ലീഡര്‍ നിയമനത്തില്‍ തിരുവനന്തപുരം ലോ കോളേജിലെ കെഎസ്‌യു മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ ആശങ്ക അറിയിച്ചിരുന്നു. വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിന്റെ നിയമനം. ഇതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.




