Uncategorized

പാണക്കാട് തലയിൽ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് ഇപ്പോൾ കുറ്റം പറയുന്നത്, ഞങ്ങൾ പരസ്യമായി തന്നെയാണ് പോകുന്നത്

തൃശൂര്‍: വി ഡി സതീശനായി മുസ്‌ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതില്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നിയുക്ത എംഎല്‍എ കെ മുരളീധരന്‍. പാണക്കാട് തലയില്‍ മുണ്ടിട്ട് പോയ വിദ്വാന്മാരാണ് തങ്ങളെ കുറ്റം പറയുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. തങ്ങള്‍ പരസ്യമായാണ് പാണക്കാട് പോകുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. വി ഡി സതീശനായി ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതില്‍ വിമര്‍ശനവുമായി ബിജെപിയും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനും അടക്കം രംഗത്തെത്തിയിരുന്നു.

രമേശ് ചെന്നിത്തലയെ പോലുള്ള ആള്‍ ക്യാബിനറ്റില്‍ ആവശ്യമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് താന്‍ ആരെയാണ് പിന്തുണച്ചതെന്നുള്ള കാര്യവും കെ മുരളീധരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു. വി ഡി സതീശനെയാണ് താന്‍ പിന്തുണച്ചതെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. നേരത്തെ മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ താന്‍ ആരെയാണ് പിന്തുണച്ചതെന്ന് പിന്നീട് പറയുമെന്ന് കെ മുരളീധരന്‍ പറഞ്ഞിരുന്നു.

വി ഡി സതീശനായി ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതില്‍ വിമര്‍നവുമായി ജി സുകുമാരന്‍ നായരായിരുന്നു ആദ്യം രംഗത്തെത്തിയത്. ലീഗിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സുകുമാരന്‍ നായര്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടാണെന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവര്‍ക്ക് ഇതില്‍ എന്താണ് കാര്യമെന്നും സുകുമാരന്‍ നായര്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ ലീഗിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button