Uncategorized

വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഞാൻ വാടക വീട്ടിലേക്ക് മാറി’; വീണ്ടും വൈറലായി പിണറായി വിജയന്റെ അഭിമുഖം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വൈറലായി മോഹന്‍ലാലിന് നല്‍കിയ ഇരുവര്‍ അഭിമുഖത്തിലെ ഭാഗങ്ങള്‍. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞതിന് ശേഷം വാടകവീട്ടിലേക്ക് മാറിയതുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നല്‍കിയ പ്രതികരണമാണ് വൈറലാകുന്നത്.

പിണറായി വിജയന് അന്നും ഇന്നും ഒരു മാറ്റവുമുണ്ടായിട്ടില്ലെന്നും എപ്പോഴും ഒരു കരുതല്‍ ഉണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. പിന്നാലെ എങ്ങനെയാണ് ഒരുപോലെ ഇരിക്കാന്‍ സാധിക്കുന്നതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ ഏത് സ്ഥാനത്ത് ഇരിക്കുന്നയാളായാലും അത് പ്രത്യേക നിയോഗത്തിന്റെ ഭാഗമാണെന്ന് കാണണം. എപ്പോഴും അവിടെ നിന്ന് മാറേണ്ടി വരും. ആ ഒരു ധാരണ നമ്മുടെ ഉള്ളില്‍ ഉണ്ടാകും. ആ മാറ്റത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. ഇപ്പോള്‍ മാറണം എന്ന് പറഞ്ഞാല്‍ ഒരു പ്രയാസവും ഉണ്ടാകരുത്. അതാണ് ഏറ്റവും പ്രധാനം. വൈദ്യുതി മന്ത്രിയായിട്ടാണല്ലോ ഞാന്‍ മന്ത്രിസഭാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അപ്പോള്‍ അന്ന് എന്റെ മക്കള്‍ ചെറുതാണ്. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞ് നേരെ വാടക വീട്ടിലേക്ക് മാറി. ഒരു പ്രയാസവും കുട്ടികള്‍ക്ക് പോലും ഉണ്ടായില്ല. എന്താണോ ഉള്ളത് അതുകൊണ്ട് ജീവിക്കുക, അതില്‍ സന്തോഷിക്കാനും അതിന്റെ ഭാഗമായി മാറാനും കഴിയണം. എനിക്ക് അങ്ങനെ ഒരു നിലയാണ് ഉള്ളത്. വല്ലാതെ എന്തെങ്കിലും മോഹിക്കാറില്ല’, പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തോല്‍വി സംഭവിച്ചതിന് പിന്നാലെയാണ് ക്ലിഫ് ഹൗസില്‍ നിന്നും പിണറായി വിജയന്‍ വാടക വീട്ടിലേക്ക് മാറുന്നത്. ബേക്കറി ജംഗ്ഷന് സമീപമാണ് പുതിയ വാടക വീട് എടുത്തത്. അതേസമയം പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നതില്‍ ഇത് വരെ തീരുമാനമായിട്ടില്ല. കേരളത്തിന് പ്രതിപക്ഷ നേതാവുണ്ടാകും, ആരെന്ന് തീരുമാനിക്കുക കേരളത്തിലാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചര്‍ച്ച ഇന്ന് പിബി യില്‍ നടന്നിട്ടില്ല. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി എന്തിന് ഏറ്റെടുക്കണമെന്നും എംഎ ബേബി ചോദിച്ചു. തിരഞ്ഞെടുപ്പിനെ സിപിഐഎം ഒറ്റക്കെട്ടായി ആണ് നേരിട്ടത്. കേരളത്തില്‍ വിശദമായ ചര്‍ച്ച നാളെ ആരംഭിക്കുകയാണ്. തോല്‍വിയുടെ കാരണങ്ങള്‍ കണ്ടെത്തുമെന്നും എംഎ ബേബി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button