Uncategorized

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരുക്ക്

തിരുവനന്തപുരം കവടിയാറിൽ അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലും കാൽനടയാത്രക്കാരിലും ഇടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശിനിയായ നൗഷിജ (24) ആണ് അപകടത്തിൽ മരിച്ചത്. ഫുട്പാത്തിലൂടെ സംസാരിച്ചു നടന്നുപോവുകയായിരുന്ന നൗഷികയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും കാർ ഇടിക്കുകയായിരുന്നു.

കുറവൻകോണം ഭാഗത്തുനിന്ന് അതിവേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറുകയും, അവിടെയുണ്ടായിരുന്നവരെയും തുടർന്ന് രണ്ട് ബൈക്കുകളെയും രണ്ട് കാറുകളെയും ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. വാഹനം വരുന്നത് കണ്ട് അമിതവേഗതയിലാണെന്ന് മനസ്സിലാക്കിയ ഒരു ദൃക്സാക്ഷി കൈകാണിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും, കാർ നിയന്ത്രണം വിട്ട് അദ്ദേഹത്തിന്റെ അടുത്തുകൂടി പാഞ്ഞ് ഫുട്പാത്തിലേക്ക് കയറുകയായിരുന്നു.
അപകടമുണ്ടാക്കിയ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. കുറവൻകോണം സ്വദേശി മോഹൻ തോമസാണ് വാഹനം ഓടിച്ചത് . മോഹൻ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താൻ അമിതവേഗതയിൽ ആയിരുന്നില്ല എന്നാണ് ഡ്രൈവർ പോലീസിനോട് പറയുന്നത്, എന്നാൽ വാഹനം അമിതവേഗതയിൽ തന്നെയാണ് വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടമുണ്ടാക്കിയ ഡ്രൈവറെയും വാഹനത്തെയും പേരൂർക്കട പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഏഴു പേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button