Uncategorized

അപ്രതീക്ഷിതമായി കാട്ടാനയെ ഇടിച്ച് കാർ തകർന്നു; ആക്രമിക്കാൻ തുനിഞ്ഞ് കൊമ്പൻ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!

മലപ്പുറം: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ കുടുംബം കാട്ടാനയുടെ മുന്നില്‍പ്പെട്ടത് നടുക്കുന്ന അനുഭവമായി. അന്തര്‍സംസ്ഥാന പാതയായ റോഡില്‍ നിലമ്പൂര്‍ ചുങ്കത്തറ മുട്ടിക്കടവ് പമ്പിന് സമീപം രാവിലെ ആറേമുക്കാലോടെയായിരുന്നു സംഭവം. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി എമില്‍ ജോയിയും കുടുംബവും സഞ്ചരിച്ച കാറാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടുകൊമ്പനെ ഇടിച്ചത്.

മുട്ടിക്കടവ് ജം​ഗ്ഷൻ കഴിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ അപ്രതീക്ഷിതമായി ആന റോഡിന് കുറുകെ വരികയായിരുന്നു. വാഹനം ആനയെ ഇടിച്ചതോടെ എഞ്ചിൻ നിലയ്ക്കുകയും കാര്‍ ഓഫാവുകയും ചെയ്തു. കാറിനുള്ളിലായിരുന്ന കുടുംബം ഭയന്നുവിറച്ച നിമിഷങ്ങളായിരുന്നു പിന്നീട്. ഇടികൊണ്ട ആന ആക്രമണ സ്വഭാവത്തോടെ കാറിന് നേരെ തിരിഞ്ഞുനിന്നെങ്കിലും, ആ സമയം റോഡിലൂടെ വന്ന ചരക്കുലോറികളും മറ്റ് വാഹനങ്ങളും കണ്ട് എതിര്‍ദിശയിലേക്ക് ഓടിപ്പോയത് വലിയ ദുരന്തം ഒഴിവാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് ഈ കുടുംബം രക്ഷപ്പെട്ടത്.

നാട്ടുകാരുടെ സഹായത്തോടെ വനം വകുപ്പിലും എടക്കര പൊലീസിലും വിവരമറിയിച്ചു. വള്ളുവശേരി വനത്തിന്റെ ഭാഗമായ മുട്ടിക്കടവ്, പിലാക്കുന്ന് മേഖലകളില്‍ രാത്രികാലങ്ങളില്‍ ആനകള്‍ ഇറങ്ങുന്നത് പതിവാണെങ്കിലും പകല്‍ സമയത്ത് ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. സംഭവത്തില്‍ വനം വകുപ്പിന് രേഖാമൂലം പരാതി നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button