‘വിഎസിന്റെ പേരിലുള്ള ക്യാമ്പസ് ഉയരണം’: സ്മാരകം വൈകുന്നതില്‍ കുടുംബത്തിന് അതൃപ്തി

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ സ്മാരകം വൈകുന്നതില്‍ കുടുംബത്തിന് അതൃപ്തി. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സഹായം വേണമെന്ന് മകന് വി എ അരുണ്‍കുമാര്‍ പറയുന്നു. വലിയ ചുടുകാട്ടിലെ സ്തൂപത്തിന് അപ്പുറം വിശാലമായ ചിന്താഗതി വേണം. വിഎസിന്റെ പേരില്‍ ക്യാമ്പസ് ഉയരണം. വിഎസ് ഫൗണ്ടേഷന് നിര്‍ദേശങ്ങള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ടെന്നും അരുണ്‍ കുമാര്‍
വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും പ്രസക്തിയുള്ളതാണ്. ഇത് പുതിയ തലമുറ അറിയുകയും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം ഉണ്ടാകുകയും ചെയ്യണം. വിഎസിന്റെ ജീവിതവും എല്ലാവരും അറിയണമെങ്കില്‍ ഇത്തരത്തിലുള്ള വിശാലമായ ആശയങ്ങള്‍ പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലായിരുന്നു 20 കോടി രൂപ മുടക്കി വിഎസിന്റെ പേരിലുള്ള ക്യാമ്പസ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിഎസിന്റെ മരണം കഴിഞ്ഞ് രണ്ടാമതായി വരുന്ന ജന്മ വാര്‍ഷികത്തിന്റെ ഘട്ടത്തിലും ഇതില്‍ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാതാണ് കുടുംബത്തിന്റെ അതൃപ്തിക്ക് കാരണം. മുന്‍ സര്‍ക്കാരിന് അതിന്റെ നടപടികള്‍ സ്വീകരിക്കാനോ സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കാനോ സാധിച്ചിരുന്നില്ല. നിലവില്‍ വലിയ ചുടുകാട്ടില്‍ അദ്ദേഹത്തിന്റെ സ്തൂപം ഉയര്‍ന്നിട്ടുണ്ട്. എവിഎസിന്റെ പേരിലുള്ള ക്യാമ്പസ് എങ്ങനെ വേണമെന്നതിനെ സംബന്ധിച്ചുള്ള നിര്‍ദ്ദേങ്ങളാണ് നിലവില്‍ കുടുംബം രൂപീകരിച്ചിട്ടുള്ള വി എസ് ഫൗണ്ടേഷന് മുന്നോട്ട് വെച്ചിട്ടുള്ളത്.




