Uncategorized

‘ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങിയത് എന്തിന്?’, വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കം പിൻവലിക്കണമെന്നും കെ കൃഷ്‌ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് ജനങ്ങളുടെ മേൽ അധിക വൈദ്യുതി ഭാരം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി രൂക്ഷവിമർശനവുമായി രംഗത്തെത്തി. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ നിലവിൽ കരാറുകൾ നിലനിൽക്കുമ്പോൾ, എന്തിനാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുള്ള കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിറ്റിന് 14.50 രൂപ എന്ന വലിയ തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഈ കരാറിന് റഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ഉണ്ടോ എന്ന് സർക്കാർ പറയണമെന്നും ആവശ്യപ്പെട്ടു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി അതിന്റെ ഭാരം നിരക്ക് വർധനയിലൂടെ ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണം. പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം നിർദേശിച്ചു. സർക്കാരിന്റെ വൈദ്യുതി നയത്തിൽ മാറ്റം വരണമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, പകൽ സമയത്ത് സുലഭമായി ലഭിക്കുന്ന സൗരോർജ്ജം പാഴാക്കി കളയാതെ സംഭരിച്ചുവെച്ച് രാത്രിയിലെ ‘പീക്ക്’ സമയങ്ങളിൽ പ്രയോജനപ്പെടുത്തുന്നതിനാണ് ശ്രമിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.

പവർ കട്ട് കൊണ്ട് വലഞ്ഞ ജനങ്ങളെ ആശങ്കയിലാക്കുന്നതാണ് പുതിയ ഇലക്ട്രിസിറ്റി താരിഫ് നയം. സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കുന്ന ഈ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തിരുന്നു. അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്. അടുത്ത ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് താരിഫ് നയം നടപ്പാക്കുക. കെഎസ്ഇബിയുടെ നിലവിലെ അയ്യായിരം കോടിയുടെ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലുള്ളതാണ് നയം. വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം മാറ്റാനും തീരുമാനമുണ്ട്. വൈകീട്ട് ആറ് മുതൽ രാത്രി 11.30 വരെയാണ് ഇനി പീക്ക് സമയം. ഈ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നതിന് അധിക നിരക്കുകൾ നൽകേണ്ടി വരുമെന്നതാണ് മാറ്റം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button