പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്, സ്വന്തം സമരങ്ങളോട് പോലും ആത്മാര്‍ത്ഥത ഇല്ല: രാഹുലിന്റെ വിദേശയാത്രക്കെതിരെ BJP

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ സമരം ശക്തമാകുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ വിമര്‍ശിച്ച് ബിജെപി രംഗത്ത്. സ്വന്തം സമരങ്ങളോട് പോലും ആത്മാര്‍ത്ഥത ഇല്ലാത്ത ആളാണ് രാഹുല്‍ എന്നാണ് പരിഹാസം. രാഹുല്‍ ഗാന്ധിക്ക് ആത്മാര്‍ത്ഥത ഇല്ലെന്നും പാര്‍ടൈം രാഷ്ട്രീയക്കാരന് മാത്രമാണെന്നും ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി വിമര്‍ശിച്ചു. ജോലി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സമയം രാഹുല്‍ഗാന്ധി അവധി ആഘോഷങ്ങളിലാണ്. വിദേശത്ത് വിശ്രമിച്ച ശേഷം വോട്ട് ചോരി ആരോപണം ഉന്നയിച്ചിട്ട് എന്ത് കാര്യമെന്നും ബിജെപി പരിഹസിച്ചു. രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ വലിയ റാലി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായി ഈ മാസം 25ന് റാലികള്ക് ആസൂത്രണം നടക്കുന്നുമുണ്ട്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുന്ന ദൃശ്യം പുറത്ത് വന്നത്. ഒരു സഹയാത്രികനാണ് രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്താകമാനം പ്രതിപക്ഷം പോരാട്ടത്തിലാണെന്ന് അവകാശപ്പെടുന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് സുഖിക്കാന്‍ പോകുന്നതെന്നാണ് ബിജെപി ഉര്‍ത്തുന്ന വിമര്‍ശനം. രാഹുല്‍ തനിക്ക് ഏറ്റവും നന്നായി ചെയ്യാന്‍ അറിയുന്ന ജോലിയിലേക്ക് തിരിച്ചെത്തിയെന്നും പ്രദീപ് ഭണ്ഡാരി പരിഹസിച്ചു. രാഹുല്‍ വിദേശത്ത് എന്ത് ചെയ്യുകയാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തുമെന്നാണ് വിവരം. സിപിഐഎം അടക്കം ഇന്നും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ അടുത്ത ഞായറാഴ്ചയോടെ പ്രതിഷേധം വീണ്ടും ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഇന്‍ഡ്യ സഖ്യം. ദസറക്ക് ഇടവേള നല്‍കിയുള്ള പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് നീക്കം. അടുത്ത ശനിയാഴ്ചയോടെ ഡല്‍ഹിയിലെത്താനുള്ള നിര്‍ദ്ദേശം എംപിമാര്‍ക്ക് നല്‍കും. ഏറ്റവുമൊടുവില്‍ സുപ്രീം കോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എംപിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹിയിലെത്തിക്കും.
നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് നീക്കം. 27 ന് ഡല്‍ഹിയില്‍ സിപിഐ മനുഷ്യ ചങ്ങലയും തീര്‍ക്കും. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുവജന സംഘടനാ നേതാക്കളും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചിരുന്നു. പൊലീസ് അതിക്രമം വരുന്ന പാര്‍ലമെന്റ് സമ്മേളനത്തിലടക്കം രാഹുല്‍ ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില്‍ വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികതയില്ലെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ പോഡ് കാസ്റ്റില്‍ പറഞ്ഞിരുന്നു.




