തല പകുതി മൊട്ടയടിച്ച് നടക്കാനാണ് ധൈര്യം കാട്ടേണ്ടത്, അൻവറിന്റേത് രാഷ്ട്രീയ മറുപടിയല്ല: മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ

തൃശൂര്‍: പി വി അന്‍വറിന്റെ മൊട്ടയടി പ്രയോഗത്തിനെതിരെ തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ ‘മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍’. പി വി അന്‍വറിന്റേത് രാഷ്ട്രീയപരമായ മറുപടിയല്ലെന്ന് സംഘടനാ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മൊട്ടയടിക്കുന്നതിനെ എന്തോ മാരകമായ ദുരന്ത സംഗതി എന്നുള്ള വ്യാഖ്യാനത്തെ എതിര്‍ക്കുകയാണെന്നും സജീഷ് കുട്ടനെല്ലൂര്‍ പറഞ്ഞു.
തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുക എന്നത് ഫ്രീക്ക് ലുക്കാണ്. തല പകുതി മൊട്ടയടിച്ച് നടക്കാനാണ് പി വി അന്‍വര്‍ ധൈര്യം കാട്ടേണ്ടത്. ഇന്ന് തങ്ങളുടെ സംഘടനയില്‍ 40 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ മെമ്പര്‍മാരുണ്ട്. കൃഷിക്കാരന്‍ മുതല്‍ വിമാനം ഓടിക്കുന്നവര്‍ വരെ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള മെമ്പര്‍മാര്‍ തല മൊട്ടയടിച്ച് അതില്‍ അതില്‍ അഭിമാനിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവരാണ്. മാളിലോ, തിയേറ്ററിലോ, റോഡിലോ, ബസ്സിലോ എവിടെയും തല മൊട്ടയടിച്ച് ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന വ്യക്തികളെ കാണാന്‍ സാധിക്കുമെന്നും സജീഷ് കുട്ടനെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് പറഞ്ഞ് പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ബേപ്പൂരില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി എ മുഹമ്മദ് റിയാസ് ഇതിന് തയ്യാറുണ്ടോയെന്നും അന്‍വര്‍ ചോദിച്ചിരുന്നു. കമ്മലിടണമെന്നില്ലെന്നും മൊട്ടയടിച്ചാല്‍ മതിയെന്നും അനവര്‍ പറഞ്ഞിരുന്നു. അന്‍വറിന്റെ മൊട്ടയറി പരാമര്‍ശത്തിന് മറുപടിയുമായാണ് ‘മൊട്ട ഗ്ലോബല്‍ ഫൗണ്ടേഷന്‍’ രംഗത്തെത്തിയത്.




