Uncategorized

ക്ഷണിക്കാതെ വന്ന അതിഥി, ബ്ലോക്കുകളെന്റെ ഹൃദയത്തെ ചുറ്റി വരിഞ്ഞു: സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൻ സാ​ഗർ

രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സഹായം അഭ്യര്‍ത്ഥിച്ച് നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കണ്ണന്‍ സാഗര്‍. കഴി‍ഞ്ഞ ദിവസം ആന്‍ജിയോഗ്രാം ചെയ്തപ്പോള്‍ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയെന്നും എത്രയും വേഗം ബൈപ്പാസ് സര്‍ജറി ചെയ്യണമെന്നും കണ്ണന്‍ സാഗര്‍ പറയുന്നു. തന്നെക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര തുക ആശുപത്രിയിൽ ചിലവിലേക്ക് ആവുമെന്നും സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ച് തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിതായും അദ്ദേഹം വ്യക്തമാക്കി.

കണ്ണന്‍ സാഗറിന്‍റെ വാക്കുകള്‍ ഇങ്ങനെ

ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാദീനതയും സന്തോഷവും സമാധാനവും സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർത്ഥിച്ചും അവർക്കുവേണ്ടി പ്രയത്നിച്ചും, ആവുന്നത്ര ഉള്ളതിൽ നിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പോക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബ ജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നതും, അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാഠ്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും.

എന്നാൽ നോക്കട്ടെയെന്ന ധൃഠനിശ്ചയത്തോടെ നേരിടാൻ തയ്യാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്. അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന ബോധം വരുന്നതും മറ്റുള്ളവരുടെ സഹായം തേടുന്നതും. അതൊരു കുറച്ചിലായി ഞാനും കാണുന്നില്ല. നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാലല്ലേ മറ്റുള്ളവർ അറിയുക. സന്മനസുള്ളവർ സഹായിക്കാൻ തയ്യാറാകൂ.

കുറേ ദിവസങ്ങളായി ഞാൻ ആശുപത്രികൾ കയറിയിറങ്ങുന്നു. ഇന്നലെ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്‍റ്,തോമസ് ഹോസ്പിറ്റലിൽ ആന്‍ജിയോഗ്രാം ചെയ്തു. നഗരഹൃദയത്തിലെ വമ്പൻ ബ്ലോക്ക് പോലെ എന്റെ ഹൃദയത്തെ ബ്ലോക്കുകൾ ചുറ്റി വരിഞ്ഞിരിക്കുന്നു. ഉടനെ ബൈപ്പാസ്സ് ശസ്ത്രക്രിയക്ക് വിധേയനാകണം എന്നാണ് ഡോക്ടർ പറയുന്നത്. അതിലേക്ക് മറ്റൊരു ആശുപത്രിയുടെ സേവനവും ആവശ്യമായി വരുമെന്നും ഡോക്ടർ അറിയിച്ചു. അതറിഞ്ഞപ്പോൾ മുതൽ ഭാര്യയും മക്കളും നല്ല വിഷമത്തിലാണ്. ഞാൻ അവരെ സമാധാനിപ്പിച്ചു പിടിച്ച് നിൽക്കുന്നു.

എന്നൊക്കൊണ്ട് ഇപ്പോൾ താങ്ങാൻ പറ്റാത്ത അത്ര ഒരു തുക ആശുപത്രിയിൽ ചിലവിലേൽക്കാവും. ഞാൻ സംഘടനയിലും ചില സഹപ്രവർത്തകരേയും വിളിച്ചു എന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഇന്ന് പരുമലയിലുള്ള ഹോസ്‌പിറ്റലിൽ ചെക്കപ്പിന് വീണ്ടും പോകുകയാണ്. പ്രിയപ്പെട്ടവരുടെ പ്രാർത്ഥന എന്റേയും കുടുംബത്തിന്റേയും കൂടെ ഉണ്ടാവണം. ക്ഷണിക്കാതെ കടന്നുവന്ന അസുഖമെന്ന അതിഥിയെ ഒന്ന് പറഞ്ഞുവിടുന്ന തിരക്കിലാണ് ഞാനും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button