Uncategorized

കെ സുധാകരന് മാത്രം ഇളവോ? സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാന്‍ ഹൈക്കമാന്‍ഡ്; നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരിൽ കെ സുധാകരന് മാത്രം ഇളവ് നല്‍കുന്ന കാര്യം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതിനാലാണ് അനുനയിപ്പിക്കാൻ നീക്കം നടക്കുന്നത്. അതിനിടെ കേരളാ ഹൗസിലെത്തി സുധാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നടപടി പൂര്‍ത്തിയാക്കി മടങ്ങി.

ഇന്ന് തന്നെ നോണ്‍ ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റും. നാമനിര്‍ദേശ പത്രിക നല്‍കാന്‍ നീക്കം തുടങ്ങി. പാര്‍ലമെന്റില്‍ നിന്നും നോ ഡ്യൂസ് സര്‍ട്ടിഫിക്കറ്റും വാങ്ങും. ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് നേരത്തെ സുധാകരന്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് ശേഷമാകും സുധാകരന്‍ ഇനി വാര്‍ത്താസമ്മേളനം നടത്തുക.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. ‘നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. ‘കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.
നിയമസഭാ തെരഞ്ഞെടുപ്പിനായുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button