Uncategorized
കുടകിൽ കാട്ടാന അക്രമത്തിൽ ഐ പി എസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ഇരിട്ടി: കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ കാപ്പി എസ്റ്റേറ്റിൽ ഉണ്ടായ കാട്ടാന അക്രമത്തിൽ ഐ പി എസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം. നാഗാലാൻഡ് കേഡറിലെ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ എ. സുനിൽ അച്ചായയുടെ ഭാര്യ സന്ധ്യ അച്ചായ (51) ആണ് മരിച്ചത്.
തിത്തിമത്തിക്കടുത്ത കൊണനക്കട്ടെ ഗ്രാമത്തിലെ ഒരു കാപ്പി എസ്റ്റേറ്റിൽ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു കാട്ടാനയുടെ അക്രമമുണ്ടായത്. സന്ധ്യ മറ്റ് രണ്ടുപേർക്കൊപ്പം എസ്റ്റേറ്റിൽ എത്തിയപ്പോൾ എസ്റ്റേറ്റിനകത്തുണ്ടായിരുന്ന ആന പെട്ടെന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണമടയുകയായിരുന്നു.




