കൊലയ്ക്ക് കാരണം സഹോദരങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ; അദിനാന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരിയെ കൊന്നു യുവാവ് ആത്മഹത്യ ചെയ്‌തതിനു പിന്നിൽ ഒന്നിച്ചു താമസിച്ചിരുന്ന സഹോദരങ്ങൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ പ്രതികാരമെന്നു പൊലീസ്. മോശം കൂട്ടുകെട്ടും മോഷണശ്രമവും ഉണ്ടായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത അദിനാനെ കഴിഞ്ഞ ഡിസംബറിൽ തറവാട് വീട്ടിൽ നിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മുൻകൂട്ടിയുറപ്പിച്ചായിരുന്നു കൊലയെന്നാണു പൊലീസിൻ് പ്രാഥമിക വിലയിരുത്തൽ. പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി അദിനാൻ്റെ മൃതദേഹം വിട്ടുകൊടുത്തു. കൊല്ലപെട്ട നസ്രീനയുടെ പോസ്റ്റുമോർട്ടം ഇന്നു നടക്കും.
വീട്ടുടമ ബിസിനസ് ആവശ്യത്തിനായി പുറത്തായിരിക്കുന്നതിനാലാണു മകളുടെ മകനായ അദിനാൻ കൂട്ടുകിടക്കാനായി പൂതംകുഴിയിലെ വീട്ടിലെത്തിയിരുന്നത്. ലഹരി ബന്ധം കണ്ടെത്തിയതും പണം മോഷണം പോവുകയും ചെയ്‌തതോടെ വീട്ടിൽ കയറുന്നതു ഡിസംബറിൽ വിലക്കി. ഇതിനു പിന്നിൽ നസ്രിനയാണെന്ന ചിന്തയാണു കൊലയിലേക്ക് നയിച്ചതെന്നാണു പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.
വീട്ടിലെ സിസിടിവി ക്യാമറ അദിനാന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. എന്നാൽ നസ്രീനയുടെ നിർബന്ധം മൂലം അടുത്തിടെ ഈ ബന്ധം വിച്ഛേദിച്ചതും വൈരാഗ്യത്തിനിടയാക്കി. ബന്ധുക്കൾ ഒത്തുചേർന്നു സത്കാരം നടത്തിയ സമയത്താണ് അദിനാൻ മറ്റാരും അറിയാതെ വീട്ടിൽ കയറികൂടിയതെന്നും വ്യക്തമായിട്ടുണ്ട്. മൂഴിക്കലിൽ നിന്ന് നടന്നുവന്ന അദിനാൻ പൂതംകൂഴിയിൽ മീത്തൽ റോഡിലെത്തി മതിൽ ചാടികടന്നാണ് അകത്തു കയറിയത്. ബന്ധുക്കൾ മടങ്ങിയ ശേഷം പുലർച്ചെ ഒന്നാം നിലയിലെ നസ്രീനയുടെ മുറിയിലെത്തി കൊലപാതകം നടത്തുകയായിരുന്നു.
പാക്കിങ് ടേപ്പ് കൊണ്ടു വായും മൂക്കും ഒട്ടിച്ചശേഷം കഴുത്തു ഞെരിച്ചാണു കൊന്നത്. ശ്വാസം മുട്ടിയാണു മരണമെന്നാണു പോസ്‌റ്റ് മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇതിനുശേഷം രക്ഷപെടാനും ഇയാൾ ശ്രമിച്ചതായി സൂചനയുണ്ട്. വീടിന്റെ താഴത്തെ നിലയിലെ മുറികളടക്കം പരിശോധിച്ച നിലയിലാണ്. ഇതിനിടയിലാണു മുത്തശി ഉണർന്നു ബഹളം വച്ചതും അയൽവാസികൾ ഓടിക്കൂടിയതും. തുടർന്ന് മുറിയിൽ കയറി വാതിലടച്ച അദിനാൻ പിന്നീട് പാക്കിങ് ടേപ്പ് മുഖത്തൊട്ടിച്ചു സ്വയം മരിച്ചുവെന്നാണു പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.
അദിനാൻ്റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അദിനാൻ്റെ ഫോൺ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.




